ട്വന്റി-ട്വന്റി തുടങ്ങിയ മെഡിക്കൽ സ്റ്റോർ കലക്ടർ അടപ്പിച്ചു
രാഷ്ട്രീയപ്പാർട്ടിയായ ട്വന്റി-ട്വന്റി ഇളവുകൾ വാഗ്ദാനം ചെയ്ത് മെഡിക്കൽ ഷോപ്പ് തുടങ്ങിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Update: 2024-03-25 12:11 GMT
കൊച്ചി: രാഷ്ട്രീയപ്പാർട്ടിയായ ട്വന്റി-ട്വന്റി കിഴക്കമ്പലത്ത് തുടങ്ങിയ മെഡിക്കൽ സ്റ്റോർ കലക്ടർ അടപ്പിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രഥമാദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം നടന്നതായി ജില്ലാ റിട്ടേണിങ് ഓഫീസർ കണ്ടെത്തിയിട്ടുണ്ട്.
80 ശതമാനം വിലക്കുറവിൽ മരുന്ന് ലഭ്യമാവുമെന്ന് പറഞ്ഞാണ് ട്വന്റി-ട്വന്റി കിഴക്കമ്പലത്ത് മെഡിക്കൽ ഷോപ്പ് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഉദ്ഘാടനം ചെയ്തത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രണ്ടുപേരാണ് പരാതി നൽകിയത്. മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സംബന്ധിച്ച് സാബു ജേക്കബ് ഇട്ട ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യാനും കലക്ടർ നിർദേശം നൽകി.