'മോൻസന്‍ തട്ടിപ്പുകാരനെന്ന് നേരത്തെ അറിഞ്ഞിരുന്നു, ഭാഗ്യത്തിന് ഞാൻ അയാളുടെ വീട്ടില്‍ പോയില്ല' മന്ത്രി അഹമ്മദ് ദേവർകോവിൽ
'ആളുകളെ എങ്ങനെ പറ്റിക്കാമെന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ആളാണ് മോന്‍സന്‍ മാവുങ്കല്‍. ഇത്രയും പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥരെ പോലും വീഴ്ത്താനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നു'
മോന്‍സന്‍ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം നടക്കുന്നതിനാലാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നും, പൊലീസ് ആവശ്യപ്പെട്ടാൽ മോൻസന്‍റെ ശേഖരം സംബന്ധിച്ച് പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധ നടത്തുമെന്നും മന്ത്രിപറഞ്ഞു.
ആളുകളെ എങ്ങനെ പറ്റിക്കാമെന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ആളാണ് മോന്‍സന്‍ മാവുങ്കല്‍. ഇത്രയും പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥരെ പോലും വീഴ്ത്താനുള്ള കഴിവ് അയാള്‍ക്കുണ്ടായിരുന്നു. ഒരു വിദേശ മലയാള സംഘടനയുടെ പേരില്‍ തന്നെ കാണാന്‍ മോന്‍സന്‍ വന്നിരുന്നതായും പുരാവസ്തുക്കളുടെ വലിയ ശേഖരം തന്‍റെ കൈയ്യില്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു. എന്നാല്‍ മോന്‍സന്‍ കാണാന്‍ വന്നതിന് പിന്നാലെ തന്നെ ഇയാള്‍ തട്ടിപ്പ് വീരനാണന്ന് സുഹൃത്ത് വിളിച്ചു പറഞ്ഞിരുന്നതായും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഇതിന് ശേഷം മോന്‍സനെതിരെയുള്ള പൊലീസ് അന്വേഷണത്തിന്‍റെ രേഖകളും തനിക്ക് ലഭിച്ചു. അന്വേഷണം പുരോഗമിക്കുന്ന സമയമായതുകൊണ്ടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.