റേഷൻ നിഷേധിച്ചാൽ കർശന നടപടി; റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ ജി ആർ അനിൽ
ശമ്പള പരിഷ്കരണവും കോവിഡ് കാലത്ത് നൽകിയ കിറ്റിന്റെ കമ്മീഷനും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വ്യാപാരികൾ നാളെ കടയടച്ചുളള സമരം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആളുകൾക്ക് റേഷൻ നിഷേധിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും റേഷൻ നിഷേധിച്ചുകൊണ്ടുള്ള സമരം അംഗീകരിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. ശമ്പള പരിഷ്കരണവും കോവിഡ് കാലത്ത് നൽകിയ കിറ്റിന്റെ കമ്മീഷനും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വ്യാപാരികൾ നാളെ കടയടച്ചുളള സമരം പ്രഖ്യാപിച്ചത്.
അടൂർ പ്രകാശ് എം.പി പ്രസിഡന്റ് ആയിട്ടുളള വിഭാഗത്തിലെ വ്യാപാരികളാണ് സമരം നടത്തുമെന്ന് അറിയിച്ചത്. ഈ സമരത്തിനെതിരെയാണ് ഇപ്പോൾ ഭക്ഷ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ആളുകൾക്ക് റേഷൻ നിഷേധിക്കുന്ന സാഹചര്യത്തിലേക്ക് സമരം പോയാൽ റേഷൻ വ്യാപാരികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സമരം നടത്താനുളള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നില്ല. എന്നാൽ റേഷൻ വിതരണം നിഷേധിക്കുന്ന തരത്തിലുളള സമരത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും ഇത്തരത്തിലുള്ള സമരപരിപാടിയില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.