'മൂന്നാഴ്ചക്കുള്ളില്‍ മുനമ്പം വിഷയത്തില്‍ പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നല്‍കി'; സമരസമിതി നേതാവ് ജോസഫ് ബെന്നി

വിഷയത്തില്‍ കേരള സർക്കാറുമായി ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജോസഫ് ബെന്നി മീഡിയവണിനോട്

Update: 2025-04-16 05:34 GMT
Editor : Lissy P | By : Web Desk
മൂന്നാഴ്ചക്കുള്ളില്‍ മുനമ്പം വിഷയത്തില്‍ പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നല്‍കി; സമരസമിതി നേതാവ് ജോസഫ് ബെന്നി
AddThis Website Tools
Advertising

കൊച്ചി: മൂന്നാഴ്ചക്കുള്ളില്‍ മുനമ്പം പ്രശ്‌നത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നല്‍കിയതായി മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നി. ഇന്നലെ വൈകുന്നേരം മുനമ്പം ഭൂസംരക്ഷണസമിതി രക്ഷാധികാരി ഫാ. ആന്‍റണി സേവ്യർ തറയിലും ചെയർമാന്‍ ജോസഫ് റോക്കി പാലക്കലുമായി മന്ത്രി കിരൺ റിജിജു ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് മന്ത്രി ഉറപ്പ് നല്‍കിയതെന്നും ജോസഫ് ബെന്നി മീഡിയവണിനോട് പറഞ്ഞു.

 'മുനമ്പം ജനതയെ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അത് മുനമ്പം ജനത വിശ്വസിക്കുകയാണ്. കിരൺ റിജിജുവിന് ഇവിടുത്തെ ജനങ്ങളുടെ അവസ്ഥയും മനസിലായിട്ടുണ്ട്. വിഷയത്തില്‍ കേരള സർക്കാറുമായി ചർച്ചകൾ നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളിൽ പ്രശ്‌നം കാണുമെന്നാണ് സമരസമിതി വിശ്വസിക്കുന്നത്. മൂന്നര വർഷമായി തുടങ്ങിയ സമരമാണിത്. നിയമനിർമാണത്തിലൂടെ പരിഹാരമായില്ലെങ്കിലും കേന്ദ്രസർക്കാർ കേരളസർക്കാറുമായി ചേർന്ന് വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞതും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.' മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു.

അതേസമയം, വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന്  മന്ത്രി കിരൺ റിജിജു ഇന്നലെ സമ്മതിച്ചിരുന്നു. സുപ്രിംകോടതിയിൽ നിയമപോരാട്ടം തുടരണം. മുനമ്പം പ്രശ്നം പരിഹരിക്കുന്നത് വരെ കേന്ദ്രസർക്കാർ ഒപ്പമുണ്ടാകുമെന്നുമാണ് മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

മുനമ്പത്തേത് ആയിരക്കണക്കിന് പരാതികളിൽ ഒന്നു മാത്രമാണ്. ഭേദഗതി കോടതിയിൽ മുനമ്പത്തുകാർക്ക് ഗുണം ചെയ്യുമെന്നും നിയമത്തോടെ മുനമ്പം പോലുള്ള കേസുകൾ ഇനിയുണ്ടാകില്ലെന്നും മന്ത്രി അവകാശപ്പെട്ടു. വൈകീട്ട് മുനമ്പത്ത് 'നന്ദി മോദി' എന്ന പേരിൽ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഇതിനു മുമ്പായിരുന്നു വാർത്താസമ്മേളനം നടത്തിയത്.

404 ഏക്കറിൽ താമസിക്കുന്ന 200ഓളം പേർക്ക് അവരുടെ ഭൂമി റവന്യൂ അധികാരങ്ങളോടെ തിരിച്ചുകിട്ടാൻ ഈ നിയമത്തിൽ ഏത് വകുപ്പാണ് ഉള്ളതെന്ന ചോദ്യത്തിന് മന്ത്രിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. നിലവിൽ മുനമ്പത്തെ ആളുകൾ കോടതിയിൽ കേസ് നടത്തുന്നുണ്ടെന്നും കോടതി ആധാരമാക്കുന്ന നിയമങ്ങളിലൊന്ന് ഈ വഖഫ് ഭേദഗതി നിയമമാണെന്നും അതുപ്രകാരം ഈ കുടുംബങ്ങൾക്ക് കോടതിയിൽ നിന്നൊരു ആശ്വാസം കിട്ടും എന്നും മാത്രമാണ് ഇതിന് മന്ത്രി മറുപടി പറഞ്ഞത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News