'സാമ്പത്തികസ്ഥിതി മോശമാണെങ്കിൽ ധൂർത്തും പൊങ്ങച്ച സദസുകളും നിയന്ത്രിക്കൂ'; സര്‍ക്കാരിനെതിരെ ദീപിക മുഖപ്രസംഗം
രക്ഷപ്പെടാനുള്ള അവസാനത്തെ കച്ചിത്തുരുമ്പും പിണറായി സർക്കാർ എടുത്തുമാറ്റി


കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയിൽ വിമർശവുമായി ദീപിക മുഖപ്രസംഗം. സ്കോളർഷിപ്പുകള്‍ വെട്ടിക്കുറക്കുന്ന സർക്കാർ എന്തുപയോഗമെന്നറിയാത്ത ഹെലികോപ്റ്ററിന് വാടക കൊടുക്കുന്നു. രക്ഷപ്പെടാനുള്ള അവസാനത്തെ കച്ചിത്തുരുമ്പും പിണറായി സർക്കാർ എടുത്തുമാറ്റി. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ ധൂർത്തും പൊങ്ങച്ച സദസുകളും ഒഴിവാക്കൂവെന്നും പിണറായിയുടെ വാഹനവ്യൂഹം എങ്ങോട്ടാണ് ലക്കില്ലാതെ പായുന്നതെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
കിട്ടാവുന്ന കടമൊക്കെ വാങ്ങിക്കൂട്ടിയും ക്ഷേമ പെൻഷനുകൾ മുടക്കിയും മുടന്തിനീങ്ങുന്ന സർക്കാർ ഇപ്പോഴിതാ ന്യൂനപക്ഷ സ്കോളർഷിപ്പിലും ദലിതരുടെ പദ്ധതികളിലും കൈവച്ചിരിക്കുന്നു. സ്കോളർഷിപ്പിൽ 50 ശതമാനവും ദലിത് പദ്ധതികളിൽ 60 ശതമാനവും വെട്ടിനിരത്തി. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് ജോസഫ് മുണ്ടശേരിയുടെ പേരിലുള്ളതിലാണ്; 5.24 കോടി രൂപ. അതിപ്പോൾ, 2.62 കോടിയാക്കി. അതേസമയം, എന്തുപയോഗമാണ് ഉണ്ടായതെന്ന് ആർക്കുമറിയില്ലാത്ത ഹെലികോപ്റ്റിന്റെ ഒന്‍പത് മാസത്തെ വാടകയായി 7.20 കോടി രൂപ ഒരുളുപ്പുമില്ലാതെ കൊടുത്തു; ഇനിയും കൊടുക്കും. രണ്ടാം പിണറായി സർക്കാരിന്റെ ഈ വാഹനവ്യൂഹം എങ്ങോട്ടാണ് ലക്കില്ലാതെ പായുന്നത്?
വിദ്യാഭ്യാസച്ചെലവുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ യഥാർഥത്തിൽ ഓരോ വർഷവും സ്കോളർഷിപ്പുകൾ വർധിപ്പിക്കേണ്ടിടത്താണ് സർക്കാർ ഉള്ളതും ഇല്ലാതാക്കിയത്. സാമ്പത്തികസ്ഥിതി ഇത്ര ശോചനീയമാണെങ്കിൽ നിങ്ങളുടെ ധൂർത്തും വിദ്യാഭ്യാസ കോൺക്ലേവുകളും സമ്മേളനങ്ങളും വാഹനവ്യൂഹങ്ങളും പൊങ്ങച്ച സദസുകളുമൊക്കെ നിയന്ത്രിക്കൂ. ജനപ്രതിനിധികളുടെ അലവൻസുകളിൽ ചിലതെങ്കിലും കുറയ്ക്കാവുന്നതല്ലേ? പണം വിഴുങ്ങുന്ന അനാവശ്യ നിയമനങ്ങൾ കണ്ടെത്താൻ ഒരു കമ്മീഷനെ വയ്ക്കൂ. പാർട്ടിക്കാർ പ്രതികളാകുന്ന കേസുകളിൽ രക്ഷിക്കാനും പ്രതിപക്ഷ നേതാക്കൾ പ്രതികളാകുന്നിടത്ത് ശിക്ഷിക്കാനുമൊക്കെ ചെലവാക്കിയ കോടികൾ ജനാധിപത്യത്തിനുതന്നെ അപമാനമാണ്. ക്ഷേമ പെൻഷനുകളും സ്കോളർഷിപ്പുകളുംപോലും കൊടുക്കാനാവാത്ത നവകേരളമോ?..എന്നും ദീപിക എഡിറ്റോറിയലിൽ ചോദിക്കുന്നു.