'എം.എം മണി പേടിച്ചിട്ട് സഭയില്‍ വന്നില്ല, ടി.പി ഇന്നും ജീവിക്കുന്നു'; കെ.കെ രമ

സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി

Update: 2022-07-15 04:47 GMT
Editor : ijas
Advertising

തിരുവനന്തപുരം: എം.എം മണിയുടെ പരാമര്‍ശം വിവാദമായതോടെ പ്രതികരണവുമായി വടകര എം.എല്‍.എ കെ.കെ രമ. പേടിച്ചിട്ട് എം.എം മണി ഇന്ന് സഭയില്‍ വന്നില്ലെന്നും ടി.പി ചന്ദ്രശേഖരന്‍ നിയമസഭയിലടക്കം ഇന്നും ജീവിക്കുന്നതായും കെ.കെ രമ പറഞ്ഞു. എം.എം മണിയുടെ പരാമര്‍ശത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ന്യായീകരിക്കുകയാണെന്നും പരാമര്‍ശത്തില്‍ തെല്ലും കുറ്റബോധമോ ഖേദമോ അവര്‍ക്കില്ലെന്നും രമ കുറ്റപ്പെടുത്തി. 

സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയിരുന്നു. കെ കെ രമയ്ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.

അൺപാർലമെന്‍ററി വാക്കുകൾ മാത്രമേ മാറ്റാൻ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാൻ കഴിയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പാർട്ടി കോടതി വിധിയുടെ ഭാഗമായിട്ടാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പാർട്ടി കോടതി ജഡ്ജ് ആരായിരുന്നുവെന്ന് തന്നെ കൊണ്ട് പറയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കി. ചോദ്യോത്തരവേള റദ്ദാക്കുകയും സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

കെ.കെ രമയുടെ വാക്കുകള്‍:

എം.എം മണി സഭയില്‍ ഉണ്ടായിരുന്നില്ല. പേടിച്ചിട്ട് സഭയില്‍ വരാതിരുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ അതിനെ ന്യായീകരിക്കുകയാണ്. അവര്‍ നടത്തിയ പരാമര്‍ശത്തില്‍ തെല്ലും കുറ്റബോധമോ ഖേദമോ അവര്‍ക്കില്ല. പറഞ്ഞിരുന്നത് ശരിയായിരുന്നുവെന്നാണ് ഭരണപക്ഷത്തെ എം.എല്‍.എമാരും മന്ത്രിമാരും പറയുന്നത്. ഒരു കാര്യം ഉറപ്പാണ്, സഖാവ് ടി.പി ചന്ദ്രശേഖരന്‍ ഇപ്പോഴും ജീവിക്കുകയാണ്. നിയമസഭയിലടക്കം സഖാവ് ടി.പി ജീവിക്കുന്നു. അത് അവരെ ഭയപ്പെടുത്തി കൊണ്ടേയിരിക്കുന്നു. അതു കൊണ്ടാണ് വിമര്‍ശനങ്ങളെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ കഴിയാത്തത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News