മോഡലുകളുടെ മരണം; ഹോട്ടലുടമക്കും അഞ്ച് ജീവനക്കാർക്കും ജാമ്യം
അപകട മരണത്തിനും ഹാർഡ് ഡിസ്‌ക്കും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്നും പ്രതികളുടെ അഭിഭാഷകൻ ചോദിച്ചു.
മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ ഹോട്ടലുടമ റോയി വയലാറ്റിനും കൂടെ അറസ്റ്റിലായ മറ്റു അഞ്ച് ജീവനക്കാർക്കും ജാമ്യം അനുവദിച്ചു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
എറണാകുളം ജില്ല വിട്ടു പോകരുത്, തിങ്കളാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, പാസ്‌പോർട്ട് കോടതിയിൽ നൽകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചെന്ന കേസിലാണ് റോയി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ചികിത്സക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലുള്ള റോയിയുടെ വാദം കേൾക്കാനായി മജിസ്‌ട്രേറ്റ് ആശുപത്രിയിലേക്ക് പോയിരുന്നു.
പൊലീസ് ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് ഹോട്ടല്‍ ജീവനക്കാര്‍ കോടതിയില്‍ പറഞ്ഞു. പൊലീസ് കേസ് തിരക്കഥയാണെന്നും കാര്‍ ഓടിച്ച ഒന്നാം പ്രതി അബ്ദുള്‍ റഹ്മാനെ സഹായിക്കാനാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു. അപകട മരണത്തിനും ഹാർഡ് ഡിസ്‌ക്കിനും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്നും പ്രതികളുടെ അഭിഭാഷകൻ ചോദിച്ചു.
അതേസമയം ഹോട്ടലിലെ ദൃശ്യങ്ങൾ നശിപ്പിച്ചത് അന്വഷിക്കണമെന്ന് മരിച്ച അൻസിയുടെ ബന്ധുക്കൾ പറഞ്ഞു. ഹോട്ടലിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ ചോദ്യം ചെയ്താൽ വിവരങ്ങൾ അറിയാമെന്നും ബന്ധുക്കൾ പറഞ്ഞു.