പീഡന പരാതി; കണ്ണൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ സ്ഥാനങ്ങളിൽ നിന്നും നീക്കി

ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേർന്നായിരുന്നു നടപടിയെടുത്തത്. സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല

Update: 2022-04-28 09:08 GMT
പീഡന പരാതി; കണ്ണൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ സ്ഥാനങ്ങളിൽ നിന്നും നീക്കി
AddThis Website Tools
Advertising

കണ്ണൂർ: പീഡന പരാതി ഉയർന്ന സി.പി.എം കണിച്ചാർ ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ ശ്രീജിത്തിനെതിരെ നടപടി. ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേർന്നായിരുന്നു നടപടിയെടുത്തത്. ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങി തെരഞ്ഞടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പാർട്ടി അംഗമായി തുടരും.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ഇയാൾക്കെതിരെ പീഡന പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പോകവെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഏപ്രിൽ 22 നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ എത്താനും ശ്രീജിത്ത് വനിതാ നേതാവിനോട് നിർദേശിച്ചു.

തുടർന്ന് വനിതാനേതാവിനെ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാനും ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ദേശാഭിമാനി ലേഖകൻ കൂടിയായ ഇയാളെ തൽസ്ഥാനത്തുനിന്നും മാറ്റി.


Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News