'ലക്ഷങ്ങള്‍ കൈമാറിയത് കെ സുധാകരന്‍, ഡിഐജി സുരേന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍': മോന്‍സണ് ഉന്നതബന്ധമെന്ന് പരാതിക്കാര്‍

മുൻ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഇയാളുടെ വീട്ടിലെ സന്ദർശകനായിരുന്നുവെന്ന് പരാതിക്കാര്‍

Update: 2021-09-27 08:07 GMT
Advertising

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാർ. മോൻസണ് 25 ലക്ഷം കൈമാറിയത് ഡിഐജി സുരേന്ദ്രന്‍റെ സാന്നിധ്യത്തിലാണെന്ന് യാക്കൂബ് എന്ന പരാതിക്കാരന്‍ പറഞ്ഞു. മുൻ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഇയാളുടെ വീട്ടിലെ സന്ദർശകനായിരുന്നുവെന്നും കെ സുധാകരൻ ഇയാളുടെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

ഉന്നതരെ ഇടനിലക്കാരാക്കിയാണ് മോന്‍സണ്‍ മാവുങ്കല്‍ പണം തട്ടിയിരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ 10 ദിവസത്തോളം മോന്‍സണിന്‍റെ വീട്ടില്‍ താമസിച്ച് ചികിത്സ നടത്തിയിരുന്നു. ഡെര്‍മറ്റോളജിസ്റ്റ് എന്ന പേരിലും മോന്‍സണ്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതിക്കാരൻ അനൂപ് 25 ലക്ഷം കൈമാറിയത് കെ സുധാകരന്‍റെ സാന്നിധ്യത്തിലാണെന്ന് പറയുന്നു. ഡല്‍ഹിയിലെ പല കാര്യങ്ങളിലും സുധാകരനെ ഇയാള്‍ ഇടപെടുവിച്ചെന്നും പരാതിക്കാര്‍ വെളിപ്പെടുത്തി.

പരാതിക്കാരന്‍ ഷമീര്‍ പറയുന്നതിങ്ങനെ...

താനും അഞ്ച് സുഹൃത്തുക്കളും മോൻസന് 10 കോടി നൽകിയെന്ന് ഷമീർ മീഡിയവിനോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ മോൻസനൊപ്പമായിരുന്നു. കേസ് നടത്തിപ്പിന് വേണ്ടിയെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. പുരാവസ്തു വിറ്റ വൻതുക കിട്ടാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു. ജീവനക്കാരുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമിടപാട് നടത്തിയത്. 40 കോടി പലരിൽ നിന്നായി തട്ടിയെടുത്തെന്നാണ് വിവരം. മുഴുവൻ രേഖകളും ശേഖരിച്ച ശേഷമാണ് കേസുമായി മുന്നോട്ട് പോയതെന്നും ഷമീര്‍ പറഞ്ഞു.

"2018 മുതല്‍ രണ്ടര വര്‍ഷത്തിനിടെ ആറ് പേര്‍ ചേര്‍ന്ന് 10 കോടി രൂപയാണ് മോന്‍സണ് നല്‍കിയത്. പണം തിരിച്ചുകിട്ടാതിരുന്നതോടെ ഞങ്ങള്‍ ആറ് പേരും കൂടി പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കി. പൊലീസുകാരില്‍ പലരും ഇയാള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതിനാല്‍ നേരത്തെ കൊടുത്ത പരാതികള്‍ അട്ടിമറിക്കപ്പെട്ടുപോയി. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്"- ഷമീര്‍ പറഞ്ഞു.

എംപിയായിരുന്ന സമയത്ത് കെ സുധാകരന്‍റെ സാന്നിധ്യത്തില്‍ പണം നല്‍കിയിരുന്നു. ഉന്നതരുമായുള്ള ബന്ധം വിശ്വാസ്യത നേടിയെടുക്കാന്‍ മോന്‍സണ്‍ ഉപയോഗിച്ചു. ഉന്നതര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷണത്തില്‍ വ്യക്തമാകും. പണം തിരിച്ചുചോദിച്ചവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഉള്‍പ്പെടെ കയ്യിലുണ്ട്. പലരെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ഷമീര്‍ പറഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ എറണാകുളത്തെ ഡിവൈഎസ്പിയുമായി മോന്‍സണ്‍ ഗൂഢാലോചന നടത്തി. അതിന്‍റെ ശബ്ദരേഖ കയ്യിലുണ്ട്. ഐജി ലക്ഷ്മണ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി നൽകിയാൽ കൊല്ലുമെന്ന് മോൻസൻ ഭീഷണിപ്പെടുത്തി. നിലവിലെ അന്വേഷണത്തിൽ തൃപ്തനാണെന്നും ഷമീർ പറഞ്ഞു.

തട്ടിയത് 10 കോടിയോളം

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി മോന്‍സണ്‍ മാവുങ്കല്‍ 10 കോടിയോളം തട്ടിയെടുത്തെന്നാണ് പരാതി. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നിയമതടസ്സങ്ങളുളളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി.

അന്വേഷണം നടത്തിയ എറണാകുളം ക്രൈബ്രാഞ്ച് സംഘം പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. തെളിവിനായി മോണ്‍സണ്‍ മാവുങ്കല്‍ കാണിച്ചിരുന്ന ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ എറണാകുളം കലൂരിലുളള വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വില്‍പ്പന നടത്തുന്ന മോണ്‍സണ്‍ മാവുങ്കല്‍ അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയാണ്. പുരാവസ്തു ശേഖരത്തിലുളള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുളളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുല്‍ത്താന്‍റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്‍റെ ആധാരം, ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂര്‍ രാജാവിന്‍റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കള്‍ തന്‍റെ കൈവശമുണ്ടെന്നും മോണ്‍സണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടിപ്പുവിന്‍റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.  ഇയാളുടെ പേരില്‍ വിദേശത്ത് അക്കൗണ്ടില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News