തൃത്താലയിലെ മയക്കുമരുന്ന് സംഘത്തിന്‍റെ വലയിൽ കൂടുതൽ പെൺകുട്ടികൾ
സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ ലഹരിമാഫിയയുടെ പിടിയിലാണെന്ന് പരാതിക്കാരി
പാലക്കാട് തൃത്താലയിലെ മയക്കുമരുന്ന് സംഘത്തിന്‍റെ വലയിൽ കൂടുതൽ പെൺകുട്ടികളെന്ന് റിപ്പോര്‍ട്ട്. തന്‍റെ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ ലഹരിമാഫിയയുടെ പിടിയിലാണെന്നാണ് പരാതി നൽകിയ പെൺകുട്ടിയുടെ വെളിപ്പെടുത്തല്‍.
പെൺകുട്ടികളെ മാനസിക സമ്മർദത്തിലാക്കി ലഹരി ഉപയോഗിപ്പിക്കുകയാണ് ഇവരുടെ രീതി. പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു. പരാതിക്കാരിയായ പെൺകുട്ടി മാത്രം മൂന്ന് വർഷം ഈ സംഘത്തിന്റെ വലയിലായിരുന്നു. സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പ്, കഞ്ചാവും ലഹരി മരുന്നും നൽകി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
കറുകപ്പുത്തൂർ സ്വദേശികളായ മുഹമ്മദ് എന്ന ഉണ്ണി, നൗഫൽ എന്ന പുലി, മേഴത്തൂർ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുൽ, തൗസീവ് എന്നിവർക്കും കണ്ടാലറിയുന്ന മറ്റുള്ളവർക്കുമെതിരെയാണ് പരാതി. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.
വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും നഗ്ന ചിത്രങ്ങളുണ്ടെന്നും പറഞ്ഞ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കഞ്ചാവും എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നും നൽകിയിരുന്നു. സ്കൂളിലെത്തി ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടിക്ക് പ്ലസ് ടു പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവരെ വന്നു. ഇതിനിടെ പ്രതികളില്‍ ഒരാള്‍ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകുകയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
തുടർച്ചയായ ലഹരി ഉപയോഗത്തെ തുടർന്ന് മാനസിക പ്രശ്നമുളള പെൺകുട്ടി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.