അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം.ആർ അജിത് കുമാറിന് സർക്കാറിന്റെയും ക്ലീൻചിറ്റ്
കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു


തിരുവനന്തപുരം: എഡിജിപി എം. ആർ അജിത് കുമാറിന് സർക്കാറിന്റെയും ക്ലീൻചിറ്റ്. കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. അജിത്കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരിന്നു വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തൽ. മുൻ എംഎല്‍എ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം.
വീട് നിർമാണം,ഫ്‌ളാറ്റ് വാങ്ങൽ,സ്വർണക്കടത്ത് എന്നിവയിൽ അജിത് കുമാർ അഴിമതി നടത്തിയിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
കവടിയാറിലെ വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണ്ണക്കടത്തിലെ ബന്ധം, മലപ്പുറം എസ്പി ഓഫീസിലെ മരംമുറി വിഷയം, ഇതിലെല്ലാം അജിത് കുമാറിന് വഴിവിട്ട ഇടപെടലുകൾ ഉണ്ടെന്നായിരുന്നു പിവി അൻവറിന്റെ ആരോപണം. എന്നാൽ ഒരു ആരോപണത്തിലും കഴമ്പില്ലെന്നായിരുന്നു വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തൽ. കവടിയാറിൽ ഫ്ലാറ്റ് വാങ്ങിയത് അജിത് കുമാർ ലോണെടുത്താണ്. സ്വർണ്ണ കടത്ത് കേസിലും മലപ്പുറം എസ് പി ഓഫീസിലെ മരം മുറിയിലും അജിത് കുമാറിന് ബന്ധമില്ല. ഈ റിപ്പോർട്ട് കഴിഞ്ഞ കുറെ കാലമായി മുഖ്യമന്ത്രിക്കു മുന്നിലുണ്ട്.
ഇന്നലെ കണ്ണൂരിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് അംഗീകരിച്ചു. ഇതോടെ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള ഒരു കടമ്പ കൂടി എം.ആർ അജിത്കുമാർ കടന്നിട്ടുണ്ട്.മുഖ്യമന്ത്രിയുടെ വളർത്തു മകനാണ് എം ആർ അജിത് കുമാർ എന്ന് പിവി അൻവർ ആരോപിച്ചു.അജിത് കുമാറിൻറെ ക്ലീൻ ചിറ്റിനെ പ്രതിപക്ഷവും രംഗത്ത് വന്നു.
അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പി. വിജയൻ ഐ.പിഎസിന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിൽ എം.ആർ അജിത്കുമാർ മൊഴി നൽകിയിരുന്നു. ഇത് തെറ്റാണെന്നും വ്യാജ മൊഴി നൽകിയതിന് എതിരെ ക്രിമിനൽ , സിവിൽ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡി ജിപി സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. റിപ്പോർട്ട് നൽകി ഒരു മാസമായിട്ടും ആഭ്യന്തര വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല .
നിലവിലെ ഇൻ്റലിജൻസ് മേധാവിയായ പി വിജയന് പോലും നീതി ലഭിക്കാതിരുന്നത് സേനക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന അഭിപ്രായമുള്ള ഉദ്യോഗസ്ഥരുണ്ട്. മറ്റ് വിഷയങ്ങളിൽ എം.ആർ അജിത് കുമാറിനെ സംരക്ഷിച്ച അതെരീതി ഈ കാര്യത്തിൽ ഉണ്ടാവരുതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എം ആർ അജിത് കുമാറിന് എതിരെ ക്രിമിനൽ കേസ് എടുത്താൽ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നതിന് ഉൾപ്പടെ തടസം വരും . ഇതിനലാണ് മുഖ്യമന്ത്രി എം. ആർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ന വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാറും ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.