മൃദംഗവിഷൻ സംഘാടകർ പൊലീസിൽ കീഴടങ്ങണം; ഹൈക്കോടതി ഉത്തരവ്
മൃദംഗവിഷൻ, ഓസ്‌കാർ ഇവന്റസ് ഉടമകൾ വ്യാഴാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
കൊച്ചി: ഉമാ തോമസ് എംഎല്‍എക്ക് മാരക പരിക്കേല്‍ക്കാനിടയായ കലൂരിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ അപകട കേസിൽ മുഖ്യസംഘാടകർ പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. മൃദംഗവിഷൻ, ഓസ്‌കാർ ഇവന്റസ് ഉടമകൾ വ്യാഴാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
പരിപാടിയിൽ വൻ സുരക്ഷാ വീഴ്‌ചയുണ്ടായതായാണ് പൊലീസ്, ഫയർ ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ സംയുക്ത റിപ്പോർട്ട്. സ്‌റ്റേജ് നിർമിച്ചത് അപകടകരമായ രീതിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അധികമായി നിർമിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലൻസ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസം സംഘാടകർ മുൻകൂർ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, കോടതി പൊലീസിനോട് കൂടുതൽ വിവരങ്ങൾ തേടി. സംഘടകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തെന്ന് പൊലീസ് അറിയിച്ചു. മരണം വരെ സംഭവിക്കാവുന്ന കുറ്റം ചെയ്തെന്ന ബിഎൻഎസ് 110 വകുപ്പുകൾ ആണ് ചേർത്തത്. ഇതിന് പിന്നാലെ സംഘാടകർ കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
സുരക്ഷാവീഴ്ച മൂലം ഉമാതോമസ് എംഎൽഎക്ക് മാരക പരിക്കേറ്റ സംഭവത്തിലെ FIR സംഘാടകർക്കെതിരെ നരഹത്യാകുറ്റത്തിനാണ് കേസ്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പൊലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണ്. പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡർ ദിവ്യാ ഉണ്ണി, നടന്‍ സിജോയ് വർഗീസ് എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
ഇതിനിടെ സാരിയുടെ പേരില്‍ മൃദംഗവിഷന്‍ നർത്തകരെ ചൂഷണം ചെയ്തെന്ന് പരിപാടിയുടെ സ്പോണ്‍സറായിരുന്ന കല്യാണ്‍ സില്‍ക്സ് പ്രതികരിച്ചു. 390 രൂപയുടെ സാരി 1600 രൂപക്ക് നൽകി ലക്ഷക്കണക്കിന് രൂപയാണ് തട്ടിയത്. സംഘാടകർ നികുതി വെട്ടിപ്പ് നടത്തിയെന്ന് കൊച്ചി മേയർ എം അനില്‍കുമാറും പറഞ്ഞു.