'പ്രത്യേക സമുദായത്തിലെ ആളുകളോട് ഇടപെടാൻ ഈ സ്ത്രീ ആവശ്യപ്പെട്ടു'; മുകേഷിന്റെ പരാമർശം ചർച്ചയാവുന്നു
താരസംഘടനയായ അമ്മയിൽ അംഗത്വം കിട്ടണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടു എന്നായിരുന്നു നടി മീനുവിന്റെ ആരോപണം.
കോഴിക്കോട്: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണത്തിൽ നടൻ മുകേഷിന്റെ വിശദീകരണം ചർച്ചയാവുന്നു. നടി മിനു കുര്യൻ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നും അത് നടക്കാത്തതുകൊണ്ടാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് എന്നുമാണ് മുകേഷിന്റെ ന്യായീകരണം. ഇതിൽ അദ്ദേഹം നടത്തുന്ന ചില പരാമർശങ്ങളാണ് ചർച്ചയാവുന്നത്.
''2009ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്ന നിലക്കാണ് മീനു കുര്യൻ തന്നെ വന്നു കണ്ടത്. ശ്രമിക്കാമെന്ന മറുപടിയാണ് അന്ന് നൽകിയത്. പിന്നീട് കൂടിക്കാഴ്ചയിലെ തന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവർ സന്ദേശമയച്ചു. 2022ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. ഇത്തവണ അവർ മീനു മുനീർ എന്നാണ് പരിചയപ്പെടുത്തിയത്. അന്ന് 10 ലക്ഷം രൂപ സഹായം ആവശ്യപ്പെട്ട് വാട്‌സ്ആപ്പിൽ സന്ദേശമയച്ചു. പണം നൽകാത്തതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു''- മുകേഷ് പറയുന്നു.
മുകേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:
സത്യം പുറത്ത് വരണം...നിയമപരമായി നേരിടും
ഞാൻ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്.
എങ്കിൽ മാത്രമേ പൊതുസമൂഹം ചർച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളൂ. നടൻ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്.നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും
മനസ്സിലാക്കാൻ മറ്റാരെക്കാളും നന്നായി സാധിക്കും പതിനാലാം വയസ്സിൽ അഭിനയം തുടങ്ങിയ എന്റെ അമ്മ 87 വയസ്സിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉയർത്തി 2018 ൽ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു എനിക്കെതിരെ വിധിയെഴുതുന്നവർക്ക് മുന്നിൽ എന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചില വിശദീകരണങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
2009ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആൽബവുമായി എന്റെ വീട്ടിൽ വന്ന അവർ മീനു കൂര്യൻ എന്ന് പരിചയപ്പെടുത്തി.
അവസരങ്ങൾക്കായി സഹായിക്കണമെന്ന് അവർ പറഞ്ഞപ്പോൾ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവർ ലാപ്ടോപ് സന്ദേശം അയക്കുകയുണ്ടായി.
ആ സമയത്തൊന്നും അവർ എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല.
2022 ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവർ മീനു മുനീർ എന്നാണ് പരിചയപ്പെടുത്തിയത്. തുടർന്നവർ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാൻ നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി.
ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു. ഞാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു.
പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവർ എനിക്ക് അയച്ച സന്ദേശങ്ങൾ സംബന്ധിച്ച് തെളിവുകളുടെ പിൻബലത്തിലാണ് ഞാൻ ഈ കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാൻ കൂട്ടുനിൽക്കുന്ന ഒരാൾ അല്ല ഞാൻ.
എന്നാൽ ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാർത്ഥ്യങ്ങൾ പുറത്തുവരണം ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.
ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും
താരസംഘടനയായ അമ്മയിൽ അംഗത്വം കിട്ടണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടു എന്നായിരുന്നു മീനുവിന്റെ ആരോപണം. പിന്നീട് ഇന്നസെന്റുമായി ബന്ധപ്പെട്ട് അംഗത്വത്തിന് ശ്രമം നടത്തി. അമ്മയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണോ, താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്നാണ് അന്ന് മുകേഷ് വിളിച്ചു പറഞ്ഞത്. ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു തുടങ്ങിയവരും മോശമായി പെരുമാറിയെന്നും മീനു വെളിപ്പെടുത്തിയിരുന്നു.
തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തെ മറ്റൊരു രീതിയിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് മുകേഷ് വിശദീകരണത്തിലൂടെ നടത്തുന്നത് എന്ന ആരോപണമാണ് ഉയരുന്നത്. നടി ലാലി പി.എം അടക്കമുള്ളവർ മുകേഷിന്റെ പരാമർശത്തിലെ ഒളിയജണ്ട ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.