'മുനമ്പം നിവാസികളെ കബളിപ്പിച്ചു, ബിജെപിയുടെ തനിനിറം പുറത്തായി': മുഹമ്മദ് ഷിയാസ്
''മുനമ്പം ഭൂമി തർക്കത്തിന് പരിഹാരം എന്ന് കൊട്ടിഘോഷിച്ചാണ് ബിജെപി വഖഫ് നിയമഭേദഗതി നടപ്പാക്കിയത്. എന്നാൽ ഇത് തട്ടിപ്പാണെന്ന് കോൺഗ്രസും യുഡിഎഫും അന്നേ പറഞ്ഞിരുന്നു''


കൊച്ചി: മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും ഭൂമി തർക്കത്തിന് നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു തുറന്ന് സമ്മതിച്ചതോടെ ബിജെപിയുടെ തനിനിറം പുറത്തായതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
''പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ബിജെപി നേതാക്കൾ പറഞ്ഞു പറ്റിക്കുകയായിരുന്നു. മുനമ്പത്തെ ജനങ്ങളുടെ ജീവിതം വച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. മുനമ്പം ഭൂമി തർക്കത്തിന് പരിഹാരം എന്ന് കൊട്ടിഘോഷിച്ചാണ് ബിജെപി വഖഫ് നിയമഭേദഗതി നടപ്പാക്കിയത്. എന്നാൽ ഇത് തട്ടിപ്പാണെന്ന് കോൺഗ്രസും യുഡിഎഫും അന്നേ പറഞ്ഞിരുന്നു. ഇപ്പോൾ കേന്ദ്രമന്ത്രി തന്നെ അത് സമ്മതിച്ചിരിക്കുകയാണ്''- ഷിയാസ് പറഞ്ഞു.
'' സമരം ചെയ്തവരെ കബളിപ്പിച്ച് ബിജെപിയിലേക്ക് ആളെക്കൂട്ടാനായിരുന്നു ബിജെപിയുടെ ശ്രമം. വോട്ടിനു വേണ്ടി എന്ത് കാപട്യവും കാണിക്കുമെന്ന് ബിജെപി വീണ്ടും തെളിയിച്ചിരിക്കുന്നു. ക്രൈസ്തവ വോട്ട് തട്ടിയെടുക്കാൻ വേണ്ടിയുള്ള നാടകമായിരുന്നു വഖഫ് ഭേദഗതിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുനമ്പം ജനതയെ വഞ്ചിച്ച ബിജെപി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും''- ഷിയാസ് ആവശ്യപ്പെട്ടു.
'' റവന്യു അവകാശം പുനഃസ്‌ഥാപിക്കുന്നതിനായുള്ള യാതൊരു നടപടികളും കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ കൈക്കൊണ്ടിട്ടില്ല. ക്രൈസ്തവ, മുസ്ലിം സംഘർഷമുണ്ടാക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ അവസരമുണ്ടാക്കുകയുമാണ് ചെയ്തത്. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അപചയവും ബിജെപിയുമായുള്ള ധാരണയും കൂടിയാണ് ഇവിടെ തുറന്ന് കാട്ടപ്പെട്ടത്. കാലങ്ങളായി നിയമ പോരാട്ടത്തിലുള്ള ഒരു ജനതയെ അത് തുടരാൻ ഉപദേശിക്കുകയല്ല ഒരു കേന്ദ്രമന്ത്രി ചെയ്യേണ്ടത്.
സംസ്‌ഥാന സർക്കാർ മനസ് വച്ചാൽ പരിഹരിക്കാവുന്ന വിഷയമേ മുനമ്പത്തുള്ളു. എന്നാൽ സിപിഎമ്മും ബിജെപിയും ചേർന്ന് രാഷ്ട്രീയം കളിക്കുകയാണ്. ഇരു വിഭാഗങ്ങളെയും തമ്മിലടിപ്പിച്ചു ചോര കുടിക്കാനാണ് സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നത്. വർഗീയ സംഘർഷത്തിനായി കാത്തിരിക്കുന്ന കഴുകന്മാരാണ് ഇരുവരുമെന്നും ഷിയാസ് ആരോപിച്ചു.