മുനമ്പം: കേന്ദ്രമന്ത്രിയുടെ വാക്കുകളിൽ നിരാശയെന്ന് സമരസമിതി; 'ഇനി പ്രതീക്ഷ സംസ്ഥാന സർക്കാരിൽ'
'വഖഫ് ഭേദഗതി നിയമം വരുന്നതിലൂടെ മുനമ്പത്തെ ജനങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്നായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ അതുണ്ടായില്ല'.


കൊച്ചി: വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിന്റെ പരാമർശത്തിൽ നിരാശയെന്ന് മുനമ്പം സമരസമിതി. പുതിയ നിയമത്തിലൂടെ തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അതുണ്ടായില്ലെന്നും അതിൽ പൂർണ നിരാശരാണെന്നും സമരസമിതി പ്രതിനിധി ജോസഫ് ബെന്നി മീഡിയവണിനോട് പറഞ്ഞു.
ഇനി സംസ്ഥാന സർക്കാരിലാണ് ഏക പ്രതീക്ഷ. വഖഫ് ഭേദഗതി നിയമം വരുന്നതിലൂടെ മുനമ്പത്തെ ജനങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്നായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ ഈ നിയമം കൊണ്ട് മുനമ്പത്തെ ജനങ്ങൾക്ക് ശാശ്വതപരിഹാരം ലഭിക്കില്ലെന്ന് ഇപ്പോൾ മന്ത്രി പറയുന്നു. കോടതിയിൽ നിലനിൽക്കുന്ന കേസുകളുടെ അവസാനംവരെ കണ്ട ശേഷമേ പരിഹാരമുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു.
1953 മുതൽ 87വരെ 34 വർഷം കേസ് നടത്തി സ്വന്തം ഭൂമി പണം കൊടുത്ത് വാങ്ങേണ്ട ഗതികേടുണ്ടായി. ഇപ്പോൾ വീണ്ടും സുപ്രിംകോടതിയിൽ കേസുമായി മുന്നോട്ടുപോവണമെന്ന് പറയുന്നത് തങ്ങൾക്ക് സമാധാനക്കേട് ഉണ്ടാക്കുന്നതാണ്. തങ്ങൾ ആകുലരാണ്. പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹമായി തങ്ങൾ മാറുകയാണ്. ഇനിയെത്ര നാൾ കോടതിയിൽ കയറിയിറങ്ങേണ്ടിവരുമെന്നറിയില്ല.
ഇനി പ്രതീക്ഷ കേരള സർക്കാരിലാണ്. സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ വച്ച് അതിലൂടെ ഒരു പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഈ നിയമമാണ് തങ്ങളുടെ പ്രശ്‌നത്തിന് കാരണമായി തീർന്നത്. കാലഘട്ടത്തിനനുസരിച്ച് അത് മാറേണ്ടതായിരുന്നു. പക്ഷേ അമുസ്‌ലിംകളെ വഖഫ് ബോർഡുകളിൽ ഉൾപ്പെടുത്തണം എന്നതടക്കമുള്ള വ്യവസ്ഥകളോട് തങ്ങൾക്ക് യോജിപ്പില്ല. എന്നാൽ സെക്ഷൻ 40 മാറണം. അതിനെതിരെ കൂടിയായിരുന്നു സമരമെന്നും ജോസഫ് ബെന്നി കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്, വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു സമ്മതിച്ചത്. സുപ്രിംകോടതിയിൽ നിയമപോരാട്ടം തുടരണം. മുനമ്പം പ്രശ്നം പരിഹരിക്കുന്നത് വരെ കേന്ദ്രസർക്കാർ ഒപ്പമുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
മുനമ്പത്തേത് ആയിരക്കണക്കിന് പരാതികളിൽ ഒന്നു മാത്രമാണ്. ഭേദഗതി കോടതിയിൽ മുനമ്പത്തുകാർക്ക് ഗുണം ചെയ്യുമെന്നും നിയമത്തോടെ മുനമ്പം പോലുള്ള കേസുകൾ ഇനിയുണ്ടാകില്ലെന്നും മന്ത്രി അവകാശപ്പെട്ടു. വൈകീട്ട് മുനമ്പത്ത് 'നന്ദി മോദി' എന്ന പേരിൽ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഇതിനു മുമ്പായിരുന്നു വാർത്താസമ്മേളനം.
404 ഏക്കറിൽ താമസിക്കുന്ന 200ഓളം പേർക്ക് അവരുടെ ഭൂമി റവന്യൂ അധികാരങ്ങളോടെ തിരിച്ചുകിട്ടാൻ ഈ നിയമത്തിൽ ഏത് വകുപ്പാണ് ഉള്ളതെന്ന ചോദ്യത്തിന് മന്ത്രിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. നിലവിൽ മുനമ്പത്തെ ആളുകൾ കോടതിയിൽ കേസ് നടത്തുന്നുണ്ടെന്നും കോടതി ആധാരമാക്കുന്ന നിയമങ്ങളിലൊന്ന് ഈ വഖഫ് ഭേദഗതി നിയമമാണെന്നും അതുപ്രകാരം ഈ കുടുംബങ്ങൾക്ക് കോടതിയിൽ നിന്നൊരു ആശ്വാസം കിട്ടും എന്നും മാത്രമാണ് ഇതിന് മന്ത്രി മറുപടി പറഞ്ഞത്.