മുണ്ടക്കൈ ദുരന്തം; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു, ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി

ദുരന്തമേഖലയിൽ ഭൗമശാസ്ത്ര സംഘത്തിന്റെ പരിശോധന തുടങ്ങി

Update: 2024-08-13 13:06 GMT
Advertising

വയനാട്: ചൂരൽമലയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ചാലിയാറിൽ നിന്ന് അഞ്ച് ശരീരഭാഗങ്ങളും മുണ്ടക്കൈയിൽ നിന്ന് ഒരു ശരീരഭാഗവുമാണ് ഇന്ന് ലഭിച്ചത്. സന്നദ്ധപ്രവർത്തകരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനകീയ തിരച്ചിലാണ് ഇന്ന് നടന്നത്. ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തമേഖലകളിൽ സന്ദർശനം നടത്തി.

മുണ്ടേരിയിൽ നിന്ന് ഉൾവനത്തിലേക്കും ചാലിയാർ പുഴ കേന്ദ്രീകരിച്ചും തിരച്ചിൽ നടന്നു. തലപ്പാലി, പരപ്പൻപ്പാറ, മാങ്കയം എന്നിവിടങ്ങളിൽ നിന്നായി അഞ്ച് ശരീരഭാഗങ്ങൾ ലഭിച്ചു. മുണ്ടക്കൈയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ സ്കൂൾ റോഡിൽ നിന്നും ഒരു ശരീരഭാഗം കണ്ടെത്തി. എന്നാൽ ഇത് മനുഷ്യ ശരീരഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് ഇന്നും തിരച്ചിൽ നടത്തിയത്.

Full View

അതേസമയം, ദുരന്തമേഖലയിൽ ഭൗമശാസ്ത്ര സംഘത്തിന്റെ പരിശോധന തുടങ്ങി. ദുരന്തബാധിത മേഖലയിലെ പഠനത്തിന്റെ ഭാഗമായാണ് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം മുണ്ടക്കൈയിലെത്തിയത്. സംഘം മൂന്ന് ദിവസം മുണ്ടക്കൈയിൽ പഠനം നടത്തും. പുനരധിവാസത്തിന് ഇതേ പ്രദേശം തന്നെ തിരഞ്ഞെടുക്കാൻ പറ്റുമോ എന്നതടക്കമുള്ള കാര്യങ്ങൾ സംഘം പരിശോധിക്കും.

ദുരന്തം കവർന്ന പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല അട്ടമല തുടങ്ങിയ പ്രദേശങ്ങൾ സംഘം വിശദമായി പരിശോധിക്കും. 10 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാനാണ് സർക്കാർ നീർദേശം. ഒരു ദിവസം 300 മില്ലിയേക്കാൾ കൂടുതൽ മഴ പെയ്താൽ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് ജോൺ മത്തായി പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News