'നെഹ്‌റുവിനെ കൂട്ടുപിടിച്ച് വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ പാലം പണിയേണ്ട'; സുധാകരനെതിരെ ലീഗ് നേതാവ്

''അനാവശ്യമായ പ്രതികരണങ്ങളിലൂടെ സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാൻ കഴിയാത്തയാളല്ല കെ.പി.സി.സി പ്രസിഡന്‍റ്.''

Update: 2022-11-14 13:53 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: ആർ.എസ്.എസ് അനുകൂല പരാമർശങ്ങളിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ്. രാഷ്ട്രീയ ശത്രുക്കൾക്ക് പാർട്ടിയെയും സഹയാത്രികരെയും കുത്തിനോവിക്കാൻ വടികൊടുക്കുന്നത് നല്ലതല്ലെന്ന് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു. നെഹ്‌റുവിനെ കൂട്ടുപിടിച്ച് വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ പാലം പണിയേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

''കെ.എസ്.യു പ്രവർത്തകനായിരിക്കെ ആർ.എസ്.എസ് ശാഖയ്ക്ക് സി.പി.എമ്മുകാരിൽനിന്ന് സംരക്ഷണം നൽകാൻ ആളെ അയച്ചത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നവോത്ഥാന സദസ്സിൽ നെഹ്‌റു പോലും വർഗ്ഗീയ ഫാസിസത്തോട് സന്ധിചെയ്തിരുന്നുവെന്നും ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ അദ്ദേഹം സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാൻ കഴിയാത്തയാളല്ല കെ.പി.സി.സി പ്രസിഡന്റ്.''-ഫേസ്ബുക്ക് കുറിപ്പിൽ അബ്ദുൽ കരീം ചേലേരി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ ശത്രുക്കൾക്ക്, തന്നെയും പാർട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തിനോവിക്കാൻ വടികൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ല. ശിശുദിനത്തിൽ, ചാച്ചാജിയെ അനുസ്മരിക്കാൻ എത്രയോ നല്ല സംഭവങ്ങളും കാര്യങ്ങളും പറയാമെന്നിരിക്കെ, വിവാദങ്ങളുണ്ടാക്കുന്ന പരാമർശനങ്ങളുടെ സാംഗത്യമെന്താണ്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ വെള്ളപൂശുന്ന ആർ.എസ്.എസ്സിനെ ഏത് ജനാധിപത്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരിലായാലും സംരക്ഷിക്കേണ്ട ബാധ്യതയൊന്നും ഭാരതത്തിലെ പൗരന്മാർക്കില്ല. നെഹ്‌റുവിനെ കൂട്ടുപിടിച്ച് വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ ആരായാലും പാലം പണിയേണ്ടതുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ദുൽ കരീം ചേലേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പരിണിത പ്രജ്ഞനും മുൻ മന്ത്രിയും പാർലമെന്റ് അംഗവും കെ.പി.സി.സി പ്രസിഡന്റുമായ ബഹു. കെ. സുധാകരൻ, വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങളിലേക്ക് പോകുന്നത് ദൗർഭാഗ്യകരമാണ്. ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ സി.എം.പി സംഘടിപ്പിച്ച എം.വി.ആർ അനുസ്മരണ പരിപാടിയിൽ സംഘടനാ കെ.എസ്.യു പ്രവർത്തകനായിരിക്കെ, ആർ.എസ്.എസ് ശാഖയ്ക്ക്, സി.പി.എമ്മുകാരിൽനിന്ന് സംരക്ഷണം നൽകാൻ ആളെ അയച്ചത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലും ജനാധിപത്യ സംരക്ഷണത്തിന്റെ പേരിലും ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയതിനെക്കുറിച്ചായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്. എന്നാൽ, ഇന്ന് വീണ്ടും കണ്ണൂരിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നവോത്ഥാന സദസ്സിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പോലും വർഗ്ഗീയ ഫാസിസത്തോട് സന്ധിചെയ്തിരുന്നുവെന്നും ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.

അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ അദ്ദേഹം സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാൻ കഴിയാത്തയാളല്ല, ബഹു കെ.പി.സി.സി പ്രസിഡന്റ്. രാഷ്ട്രീയ ശത്രുക്കൾക്ക്, തന്നെയും പാർട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തിനോവിക്കാൻ വടികൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ല. ശിശുദിനത്തിൽ, ചാച്ചാജിയെ അനുസ്മരിക്കാൻ എത്രയോ നല്ല സംഭവങ്ങളും കാര്യങ്ങളും പറയാമെന്നിരിക്കെ, വിവാദങ്ങളുണ്ടാക്കുന്ന പരാമർശനങ്ങളുടെ സാംഗത്യമെന്താണ്?

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ വെള്ളപൂശുന്ന ആർ.എസ്.എസ്സിനെ ഏത് ജനാധിപത്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരിലായാലും സംരക്ഷിക്കേണ്ട ബാധ്യതയൊന്നും ഭാരതത്തിലെ പൗരന്മാർക്കില്ല. നെഹ്‌റുവിനെ കൂട്ടുപിടിച്ച് വർഗീയ ഫാസിസത്തോട് സന്ധിചെയ്യാൻ ആരായാലും പാലം പണിയേണ്ടതുമില്ല.

Full View

കുട്ടിയായിരിക്കുമ്പോൾ ആർ.എസ്.എസ് ശാഖയിൽ കാക്കി ട്രൗസറുമിട്ട് പോയിരുന്നുവെന്ന് അഭിമാനത്തോടെ പറഞ്ഞ എസ്.ആർ.പിയുടെ പാർട്ടിയായ സി.പി.എമ്മും നേതാക്കളും ഈ കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ വരേണ്ടതുമില്ല.

Summary: Muslim League Kannur district general secretary Adv. Abdul Kareem Cheleri criticizes KPCC president K Sudhakaran in his pro-RSS remarks

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News