കേന്ദ്ര വഖഫ് ബില്ലിനെ ഒന്നിച്ച് എതിർക്കും: മുസ്‌ലിം സംഘടനാ നേതൃയോഗം
‘ഇത്തരം ബില്ലുകൾ പാസായാൽ നാളെ ക്രൈസ്തവരുടെയും സിഖുകാരുടെയും മറ്റു മതസ്ഥരുടെയും സ്വത്തുക്കളിൽ കൈകടത്താനുള്ള ശ്രമമുണ്ടാകും’


കോഴിക്കോട്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരെ ശക്തമായ നിയമ പോരാട്ടം നടത്താനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും മുസ്‌ലിം സംഘടനാ നേതൃയോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു. എല്ലാ മതങ്ങളുടെയും, വിശിഷ്യാ ന്യൂനപക്ഷ മതങ്ങളുടെ സ്വത്തുക്കളിൽ പിടിമുറുക്കാനുള്ള കേന്ദ്ര പദ്ധതിയാണിത്. ഇതൊരു മുസ്‌ലിം പ്രശ്‌നമല്ല. ഇത്തരം ബില്ലുകൾ പാസായാൽ നാളെ ക്രൈസ്തവരുടെയും സിഖുകാരുടെയും മറ്റു മതസ്ഥരുടെയും സ്വത്തുക്കളിൽ കൈകടത്താനുള്ള ശ്രമമുണ്ടാകും. ഇത് തിരിച്ചറിഞ്ഞ് കൊണ്ട് രാജ്യം ഒറ്റക്കെട്ടായി ബില്ലിനെതിരെ രംഗത്തിറങ്ങണം. ശക്തമായ നിയമ പോരാട്ടവും പ്രതിഷേധവും ഒന്നിച്ച് നടത്താനുള്ള കർമ്മപദ്ധതികൾ സംഘടനാ നേതാക്കൾ പിന്നീട് തീരുമാനിക്കും.
എല്ലാ വഖഫ് സ്വത്തുക്കളെയും തർക്ക ഭൂമിയാക്കി മാറ്റാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ച്ചർ കുറവുള്ള രാജ്യത്തെ ഇത്തരം ട്രെബ്യൂണലുകൾ കൂടി ദുർബലമായാൽ മുനമ്പം അടക്കമുള്ള ഇരകൾ ഈ ബില്ലിലൂടെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടപ്പെടുമെന്നും യോഗം വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലും ഇൻഡ്യാ മുന്നണി വഖഫ് ബില്ലിനെതിരെ രംഗത്ത് വരണമെന്നും വഖഫ് ബില്ലിനെ രാജ്യസഭയിൽ പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
സാദിഖലി ശിഹാബ് തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി, അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ് എംഎൽഎ, ഡോ. എം.കെ മുനീർ എംഎൽഎ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഐ.ഐ മജീദ് സ്വലാഹി, സി.പി ഉമ്മർ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, ഐ.പി അബ്ദുസ്സലാം, പി. മുജീബ് റഹ്‌മാൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂർ, ടി.കെ അശ്റഫ്, കെ. സജ്ജാദ്, എ. നജീബ് മൗലവി, ഡോ. ഫസൽ ഗഫൂർ, കെ.കെ കുഞ്ഞിമൊയ്തീൻ, പി. ഉണ്ണീൻ, എഞ്ചി. പി. മമ്മദ് കോയ, സി.പി കുഞ്ഞുമുഹമ്മദ്, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, കമാൽ വരദൂർ, സി.എ.എം.എ കരീം, ഉമർ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, സി. മമ്മൂട്ടി, കെ.എം ഷാജി, പാറക്കൽ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി രാമൻ, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, ടി.വി ഇബ്രാഹിം എംഎൽഎ, ടി.പി.എം ജിഷാൻ, പി.കെ നവാസ് എന്നിവർ സംബന്ധിച്ചു.