'പിന്തുണച്ച എല്ലാവർക്കും നന്ദി, ഇത്തരം കാരണങ്ങൾ കൊണ്ട് ആരുടെയും ജോലി നഷ്ടപ്പെടാൻ പാടില്ല'; മുത്തു

മുത്തുവിന് ശസ്ത്രക്രിയ നടത്താൻ തയ്യാറെന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രി അറിയിച്ചിരുന്നു

Update: 2022-12-26 04:48 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്ന് പാലക്കാട് അട്ടപ്പാടിയിലെ മുത്തു. പല്ല് ഉന്തിയതിന്റെ പേരിൽ സർക്കാർ ജോലി നഷ്ടപ്പെട്ട മുത്തുവിന്റെ വാർത്ത കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. മീഡിയവൺ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ മുത്തുവിന് ശസ്ത്രക്രിയ നടത്താൻ തയ്യാറെന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രി അറിയിച്ചിരുന്നു. ഇതിന്‍റെ സന്തോഷം  മീഡിയവണുമായി പങ്കുവെക്കുകയായിരുന്നു  മുത്തു.

''സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയ എല്ലാവർക്കും നന്ദി. പറയാൻ വാക്കുകളില്ല. സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് സർക്കാർ ജോലി സ്വന്തമാക്കുക എന്നത്. സർക്കാർ ജോലി എന്റെയും വലിയ സ്വപ്‌നമായിരുന്നു. അതിന് മുന്നിൽ ഒരുപാട് പ്രശ്‌നങ്ങൾ വന്നേക്കും. എനിക്ക് തടസമായത് എന്റെ പല്ലാണ്. ഇതിനെതിരെ ആരെ ബന്ധപ്പെടണം എന്ന് അറിയില്ലായിരുന്നു. പക്ഷേ ഞാൻ പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞതോടെ അത് സമൂഹം ഏറ്റെടുത്തു. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ തുറന്ന് പറയണം. ചെറിയ പ്രശ്‌നങ്ങൾ കാരണം പിന്മാറരുത്. നമുക്ക് വേണ്ടത് നേടിയെടുക്കണം. അതിന് വേണ്ടി പരമാവധി ശ്രമിക്കണം...''മുത്തു പറഞ്ഞു.

എത്രയും വേഗത്തിൽ മുത്തുവിന് ആവശ്യമായ ചികിത്സ നൽകുമെന്ന് കിംസ് അൽശിഫ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എസ്.സി പരീക്ഷയിൽ വിജയിക്കുകയും കായികക്ഷമത പരീക്ഷ പൂർത്തിയാവുകയും ചെയ്ത മുത്തുവിന് മുമ്പിൽ ഉന്തിയ പല്ലുകളാണ് ജോലിക്ക് തടസമായി നിന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഉന്തിയ പല്ല് ഉള്ളവരെ നിയമിക്കില്ലെന്നാണ് പി.എസ്.സി സർക്കുലർ. ചെറുപ്പത്തിലെ വീഴ്ചയിലാണ് പല്ലിന് പരിക്ക് പറ്റിയത്. പണം ഇല്ലാത്തതിനലാണ് ശസ്ത്രക്രിയ നടത്താതിരുന്നത്.

ശസ്ത്രക്രിയയിലൂടെ മുത്തുവിന്റെ പല്ല് ഉന്തിയ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു സംഭവത്തിൽ വനം വകുപ്പ് നിസഹായരെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. പി.എസ്.സി മാനദണ്ഡപ്രകാരമാണ് നിയമനം നൽകുന്നത്. പി.എസ്.സിയാണ് മെഡിക്കൽ പരിശോധന ഉൾപ്പെടെ നടത്തിയതും. കുടുംബത്തോട് സഹതാപമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News