ക്ഷണിച്ചുവരുത്തിയ അപകടമാണ് നീലേശ്വരത്തേതെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ജാഗ്രതക്കുറവുണ്ടായെന്നും അന്വേഷണം വേണമെന്നും സിപിഐ നേതാവ് ഇ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു
കാസര്‍കോട്: ക്ഷണിച്ചുവരുത്തിയ അപകടമാണ് നീലേശ്വരത്ത് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. സൗകര്യമില്ലാത്ത സ്ഥലത്താണ് വെടിക്കെട്ട് നടത്തിയത്. സർക്കാർ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ബാലകൃഷ്ണൻ പറഞ്ഞു. ജാഗ്രതക്കുറവുണ്ടായെന്നും അന്വേഷണം വേണമെന്നും സിപിഐ നേതാവ് ഇ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി 12 മണിയോടെയാണ് നീലേശ്വരം വീരര്‍കാവില്‍ വെടിപ്പുരക്ക് തീ പിടിച്ചത്. 154 പേർക്ക് പരിക്കേറ്റു . ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. 97 പേരാണ് ചികിത്സയിലുള്ളത്. വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു . അപകടത്തിൽ കേസെടുത്ത പൊലീസ് ക്ഷേത്ര പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തു. ലൈസൻസോ അനുമതിയോ ഇല്ലാതെ പടക്കം സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്.