പെരിയ ഇരട്ടകൊലപാതക കേസ്; പ്രതികളുടെ ശിക്ഷാ വിധി മരവിപ്പിച്ചത് ആശ്വാസകരമെന്ന് എംവി ബാലകൃഷ്ണൻ
കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ സിബിഐ കള്ളക്കേസിൽ കുടുക്കിയതാണെന്ന് പാർട്ടി നേരത്തെ പറഞ്ഞതാണ്. അത് ശരിയാണെന്ന് തെളിഞ്ഞു - എംവി ബാലകൃഷ്ണൻ
കാസർഗോഡ്: പെരിയ ഇരട്ട കൊലപാതക കേസില്‍ പ്രതികളായ നാല് സിപിഎം നേതാക്കളുടെ ശിക്ഷാവിധി മരവിപ്പിച്ച ഹൈക്കോടതി വിധി ആശ്വാസകരമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ. പ്രതികൾ തെറ്റ് ചെയ്തിട്ടില്ല. കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ സിബിഐ കള്ളക്കേസിൽ കുടുക്കിയതാണെന്ന് പാർട്ടി നേരത്തെ പറഞ്ഞതാണ്. അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും കുഞ്ഞിരാമൻ വ്യക്തമാക്കി.
പെരിയ ഇരട്ട കൊലപാതക കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നീ പ്രതികളാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിബിഐ കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു. നാലുപേർക്കും ഹൈക്കോടതി ജാമ്യവും അനുവദിച്ചു. അപ്പീലിൽ ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.
ചെറിയ കാലയളവിലെ ശിക്ഷാവിധികൾ മരവിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രിം കോടതിയുടെ മാർഗനിർദേശങ്ങൾ ഉണ്ടെന്നും ഇതനുസരിച്ച് ശിക്ഷാവിധി മരവിപ്പിക്കുന്നു എന്നുമായിരുന്നു ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. രണ്ടാംപ്രതി സജി സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച കുറ്റമായിരുന്നു കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റം.