'കേന്ദ്ര വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചത് സ്വാഗതാർഹം'; ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി എം.വി ഗോവിന്ദന്‍

വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

Update: 2025-01-23 05:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറിഎം.വി. ഗോവിന്ദന്‍റെ ലേഖനം. കേന്ദ്ര വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചത് സ്വാഗതാർഹമാണെന്ന് ദേശാഭിമാനിയിൽ ലേഖനം.

വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനിറ്റ് മാത്രം പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ലെന്നും ലേഖനത്തിൽ. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നര മിനിറ്റിൽ ഒതുക്കിയിരുന്നു.

''പതിനഞ്ചാം കേരള നിയമസഭയുടെ 13–--ാം സമ്മേളനത്തിന്‍റെ ആദ്യ ദിവസം, രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ ഗവർണർ വരച്ചിട്ടത് പിണറായി വിജയൻ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്‍റെ പുരോഗതിയാണ്. അതോടൊപ്പം വരും നാളുകളിൽ കേരളം കൈവരിക്കാൻ പോകുന്ന വികസനത്തിന്‍റെ മാർഗരേഖകൂടി അതിലുണ്ട്. എട്ടുവർഷമായി തുടരുന്ന വികസനക്ഷേമ പദ്ധതികൾ തുടരുന്നതോടൊപ്പം പാവങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനസമൂഹത്തിനായി നടപ്പിലാക്കുന്ന പദ്ധതികളിൽനിന്നും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സന്ദേശവും നയപ്രഖ്യാപനത്തിലുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നൽകുന്നതാണ്.

കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരേണ്ട പ്രസക്തമായ കാര്യങ്ങൾ സഭ്യമായ ഭാഷയിൽ നയപ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുപോര, ഭൂരിപക്ഷം മാധ്യമങ്ങളും സ്വീകരിക്കുന്ന സഭ്യേതരമായ ഭാഷയിൽ അന്തിച്ചർച്ചയിലെന്നപോലെ നയപ്രഖ്യാപന പ്രസംഗം തരംതാഴണമെന്നാണെങ്കിൽ അത് എൽഡിഎഫ് സർക്കാരിന്‍റെ നയമല്ലതന്നെ.

വൈവിധ്യങ്ങളെ ഉൾക്കൊണ്ട ഒരു രാജ്യത്ത് വ്യത്യാസങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ദേശീയ പ്രസ്ഥാനത്തിന്റെ ശ്രേഷ്ഠമായ ആദർശങ്ങൾക്കും എതിരാണെന്ന നയപ്രഖ്യാപനത്തിലെ പരാമർശം ഹിന്ദുത്വ രാഷ്ട്രീയത്തിനും മോദിയുടെ സ്വേച്ഛാധിപത്യ നീക്കങ്ങൾക്കും എതിരായ രാഷ്ട്രീയ പ്രസ്താവനയാണ്. അതോടൊപ്പം തന്നെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നടപടിക്കെതിരെയുള്ള കേരളത്തിന്റെ ശബ്ദവും നയപ്രഖ്യാപന പ്രസംഗത്തിൽ പ്രതിഫലിക്കുന്നുണ്ട്'' ഗോവിന്ദന്‍റെ ലേഖനത്തില്‍ പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News