എന്റെ കേരളം പ്രദർശന, വിപണന മേള കോട്ടയം ജില്ലാ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു
കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നും ആരംഭിച്ച വർണ്ണശമ്പളമായ ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്
കോട്ടയം: സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന,വിപണന മേളയ്ക്ക് അക്ഷര നഗരിയിൽ തുടക്കമായി. കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിച്ച മേള സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം തിരുനക്കര മൈതാനിയിൽ നിന്നും ആരംഭിച്ച വർണ്ണശമ്പളമായ ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്.
തുടർന്ന് നാഗമ്പടം മൈതാനിയിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ചീഫ് വിപ്പ് എന്‍. ജയരാജ് അധ്യക്ഷനായി. മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും 202 സ്റ്റാളുകളാണുള്ളത്. 70 പ്രദർശന-സർവീസ് സ്റ്റാളുകളും 132 വിൽപ്പന സ്റ്റാളുകളുമുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ സർവീസ് സ്റ്റാളുകൾ വഴി പൊതുജനങ്ങൾക്ക് സൗജന്യ ഓൺലൈൻ സേവനങ്ങളടക്കം ലഭ്യമാകും. 22 ാം തിയതിയാണ് മേള അവസാനിക്കുക.