ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിംഗും, റെക്കോർഡിങ്ങും നടത്താമെന്ന് അറിയിച്ചിരുന്നു; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എൻ പ്രശാന്ത് ഐഎഎസ്
നേരത്തെ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐഎഎസിൻ്റെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു


തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വീണ്ടും ആരോപണവുമായി എൻ പ്രശാന്ത് ഐഎഎസ്. തന്റെ ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിംഗും, റെക്കോർഡിങ്ങും നടത്താമെന്ന് നേരത്തെ അറിയിച്ചത് ആയിരുന്നുവെന്നും, ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അതിൽ മാറ്റം വന്നതെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. ചീഫ് സെക്രട്ടറി നൽകിയ രണ്ട് നോട്ടീസും പ്രശാന്ത് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്. തൻറെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ പകർപ്പുകളും തീരുമാനങ്ങളും മാധ്യമങ്ങളിൽ കൂടിയാണ് അറിയുന്നതെന്നും പ്രശാന്ത് ഫേസ്ബുക്കിൽ ആരോപിച്ചു.
നേരത്തെ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐഎഎസിൻ്റെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമായി ഉണ്ടാകുന്നതാണ്. അത് രഹസ്യ സ്വഭാവമുള്ളതാണെന്ന് സർക്കാർ വ്യക്തമാക്കി. ഈമാസം 16നാണ് പ്രശാന്തിന് ഹിയറിങ്ങിന് നോട്ടീസ് നൽകിയിരിക്കുന്നത്.