വിവാദങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യുജിസി കരടുമായി ബന്ധപ്പെട്ട ദേശീയ കൺവെൻഷൻ ഇന്ന്

കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Update: 2025-02-20 06:13 GMT
Editor : നബിൽ ഐ.വി | By : Web Desk
വിവാദങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യുജിസി കരടുമായി ബന്ധപ്പെട്ട ദേശീയ കൺവെൻഷൻ ഇന്ന്
AddThis Website Tools
Advertising

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യുജിസി കരടുമായി ബന്ധപ്പെട്ട ദേശീയ കൺവെൻഷൻ ഇന്ന് നടക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസമന്ത്രിമാർ അടക്കം പങ്കെടുക്കുന്ന കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷന്റെ മാർഗ്ഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച സർക്കുലറിനെ ചൊല്ലി തർക്കം ഉയർന്നെങ്കിലും സർക്കാർ ഗവർണർക്ക് വഴങ്ങിയിരുന്നു.

യുജിസിയുടെ പുതിയ കരടുനയം സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങളും സർവ്വകലാശാലകളുടെ സ്വയംഭരണ അവകാശങ്ങളും ഇല്ലാതാക്കുന്നു എന്നാണ് കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിലപാട്. ഈ നീക്കത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദേശീയ തലത്തിൽ കൺവെൻഷൻ നടത്താനുള്ള തീരുമാനം. തുടക്കത്തിൽ ഗവർണർക്ക് എതിർപ്പില്ലായിരുന്നു എങ്കിലും സർക്കുലർ പുറത്തിറങ്ങിയതോടെ സ്ഥിതി മാറി. യുജിസി റെഗുലേഷന് എതിരായ കൺവെൻഷൻ എന്ന പരാമർശം ആയിരുന്നു ഗവർണറെ ചൊടിപ്പിച്ചത്. ഇത് പിൻവലിക്കാനാവശ്യപ്പെട്ടുവെങ്കിലും ആദ്യം സർക്കാർ വഴങ്ങിയില്ല.

തുടർന്ന് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് വിസി മാർക്ക് ഗവർണർ അനൗദ്യോഗിക നിർദേശം നൽകി. തൊട്ടു പിന്നാലെ സർക്കാർ നിലപാട് മയപ്പെടുത്തി. ഗവർണർ നിർദേശിച്ച തിരുത്തുവരുത്തി വീണ്ടും സർക്കുലർ ഇറക്കി. നേരത്തെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഏറ്റുമുട്ടലിന്റെ വഴിയായിരുന്നു സർക്കാർ സ്വീകരിച്ചത്. ഒരിടത്തും വിട്ടുവീഴ്ച ചെയ്യാൻ ഇരുകൂട്ടരും തയ്യാറായിരുന്നില്ല. എന്നാൽ സംഘപരിവാർ പശ്ചാത്തലമുള്ള പുതിയ ഗവർണറുമായി തൽക്കാലം തർക്കം വേണ്ട, സമവായം മതി എന്ന നിലപാടിലേക്ക് സർക്കാർ മയപ്പെട്ടു എന്ന സൂചനയാണ് ഈ പ്രവൃത്തി നൽകുന്നത്.

നിലവിലെ തീരുമാനപ്രകാരം മുൻകൂട്ടി നിശ്ചയിച്ചത് പോലെ തന്നെ കൺവെൻഷൻ നടക്കും. കർണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുക്കും. റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. സർക്കുലറിൽ മാറ്റം വരുത്തിയെങ്കിലും മിക്ക വിസിമാരും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും. കേരള, കണ്ണൂർ, കാലിക്കറ്റ്, സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർമാർ കൺവെൻഷനിൽ പങ്കെടുക്കില്ല.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News