നിപ: ആദ്യ രോഗി പോസിറ്റീവാണെന്ന് കണ്ടെത്തുന്നത് അപൂർവം
ഇഖ്റ ആശുപത്രിയിൽ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിൻ്റെ നിയന്ത്രണത്തിലേക്കും നയിച്ചത്
Update: 2023-09-15 16:56 GMT
കോഴിക്കോട്: ജില്ലയിലെ നിപ രോഗ ബാധയിൽ ആദ്യ (ഇൻഡക്സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസ്സുകാരന്റെ പരിശോധന ഫലം ലഭ്യമായി. ഇദ്ദേഹം നിപ പോസിറ്റീവ് ആണെന്ന് എൻ.ഐ.വി പൂനെയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ആഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് മരണശേഷം ഇഖ്റ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഇത്തരത്തിൽ രോഗവ്യാപനം നടന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ തന്നെ ആദ്യ കേസ് സ്ഥിരീകരിക്കുന്നത് ഒരു അപൂർവ നേട്ടമാണ്.
സ്വകാര്യ ആശുപത്രിയിൽ അസ്വാഭാവികമായ പനിയെ പറ്റി ആരംഭിച്ച ശാസ്ത്രീയ അന്വേഷണമാണ് നിപ രോഗം കണ്ടെത്തുന്നതിലേക്കും അതിൻ്റെ നിയന്ത്രണത്തിലേക്കും നയിച്ചത്. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും, രീതിയും കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണ്.