'മാധ്യമങ്ങൾക്ക് വിലക്കില്ല, തുറന്ന കോടതിയാണ്, ആർക്കും വരാം': പ്രത്യേക സി.ബി.ഐ കോടതി

രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു

Update: 2023-09-27 11:36 GMT
Advertising

കൊച്ചി: കരുവന്നൂർ കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി. തുറന്ന കോടതിയാണ്, ആർക്കും വരാം എന്നും പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഷിബു തോമസ് പറഞ്ഞു. രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. വിലക്ക് വിവാദമായ സാഹചര്യത്തിൽ ആണ് വിശദീകരണം.

മാധ്യമങ്ങൾ കോടതിയിൽ കയറേണ്ടെന്ന് കലൂരിലെ പി.എം.ഐ.എൽ കോടതി ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി.ആർ അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റേയും കസ്റ്റഡി അപേക്ഷ പരിഗണിക്കവെയായിരുന്നു ജഡ്ജിയുടെ നിർദേശം.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലേക്ക് എത്തിയപ്പോഴാണ് ജഡ്ജിയുടെ അനുമതിയില്ലാതെ കോടതിയില്‍ പ്രവേശിക്കാനാകില്ലെന്ന് അറിയിച്ചത്. കോടതി നടപടികളെ ബാധിക്കുന്നതിനാലാണ് മാധ്യമപ്രവർത്തകർ അകത്ത് പ്രവേശിക്കേണ്ട എന്ന തീരുമാനം ജഡ്ജി അറിയിച്ചത്.

ഇന്നലെ കോടതി സമയം അവസാനിച്ചതിനാൽ ചേമ്പറിലായിരുന്നു പ്രതികളെ ഹാജരാക്കിയത്. അതിനാൽ മാധ്യമങ്ങൾക്ക് ജൂഡീഷ്യൽ നടപടികൾ റിപ്പോർട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്നു വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കോടതി തീരുമാനം അറിയിക്കുകയായിരുന്നു. കേസില്‍ ഇന്നലെ അറസ്റ്റിലായ ‌പി ആര്‍ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സിനെയും കസ്റ്റഡിയില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News