'പണം വാങ്ങിയത് കടമായിട്ട്...' മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

'കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണ്,ചോദ്യം ചെയ്യാനായിട്ടില്ല'

Update: 2022-08-09 08:38 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ പണം വാങ്ങിയത് കടമായിട്ടാണെന്ന് ക്രൈംബ്രാഞ്ച്. സാമ്പത്തിക തട്ടിപ്പിൽ നേരിട്ട് പങ്കുളളതായി തെളിവില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.

ഐജി ലക്ഷ്മണയടക്കമുളളവരെ കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹരജിയിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥർ മോൻസനുമായി അടുപ്പം പുലർത്തിയെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

മുൻ ഡിഐജി എസ്.സുരേന്ദ്രനും കുടുംബത്തിനും മോൻസനുമായി വലിയ അടുപ്പമുണ്ടായിരുന്നു. എന്നാൽ തട്ടിപ്പിൽ പ്രതിയാക്കാൻ തെളിവില്ല.അതിനാലാണ് സസ്‌പെൻഷനും വകുപ്പുതല അന്വേഷണവും തുടരുന്നത്. മോൻസന്റെ് കൊച്ചിയിലെ വീട്ടിൽ പെട്രോളിങ് ബുക് വെച്ചത് സാധാരണ നടപടിയെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസന് കൈമാറിയത്.സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. 

പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ നീട്ടിയിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്.പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News