മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വാഴ്ത്തുപാട്ടില്ല; പിണറായി വേദിയിലെത്തുന്നതിനു മുന്‍പെ പാട്ട് പാടും
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം തയ്യാറാക്കിയത്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പരിപാടിയിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ട് അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ ഉണ്ടാകില്ല. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതിനുമുമ്പേ വാഴ്ത്തുപാട്ട് പാടും. മുഖ്യമന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ സെൻട്രൽ സ്റ്റേഡിയത്തിലാകും വാഴ്ത്തുപാട്ട് പാടുക.
ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനൻ എന്നയാളാണ് പാട്ടെഴുതിയിരിക്കുന്നത്. വിരമിച്ച ശേഷവും നിയമനം കിട്ടിയ വ്യക്തിയാണ് സ്തുതി ഗീതമെഴുതിയ കവി ചിത്രസേനൻ. ക്ലറിക്കൽ അസിസ്റ്റന്‍റായി വിരമിച്ച ശേഷം പിന്നീട് ധനവകുപ്പിൽ സ്പെഷ്യൽ മെസഞ്ചറായി നിയമിക്കുകയായിരുന്നു. തന്‍റെ രക്ഷകനു വേണ്ടിയാണ് പാട്ട് എഴുതിയതെന്ന് ചിത്രസേനന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എല്ലാവർക്കും ഇഷ്ടമാണ്. ആ രക്ഷകന് വേണ്ടി ഒരു പാട്ട് എഴുതിയില്ലെങ്കിൽ താൻ കവി ആയിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാട്ടിൽ ഫിനിക്സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പുകഴ്ത്തി മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു. സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിനായാണ് ഗാനം തയ്യാറാക്കിയത്.
നിയമ വകുപ്പ് അസിസ്റ്റന്‍റ് വിമലാണ് ഈണം നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. അസോസിയേഷനില്‍ മുഖ്യമന്ത്രിയുടെ പിന്തുണയുള്ള പ്രസിഡന്‍റ് ഹണിയുടെ നേതൃത്വത്തിലാണ് സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനം നടത്തുന്നത്.