സി.പി.എമ്മിന്റെ പാർട്ടി നേതൃത്വം അറിയാതെ കണ്ണൂരിൽ ഒരു കൊലപാതകവും നടക്കില്ല: കെ.സുധാകരൻ

സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ രണ്ടു കോടി ചെലവിട്ടത് പിണറായി വിജയൻ്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു

Update: 2023-02-16 07:57 GMT
Advertising

തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് തുടക്കം മുതൽ തങ്ങൾ പറയുന്നുണ്ടെന്നും പാർട്ടിയുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സി.പി.എമ്മിന്റെ പാർട്ടി നേതൃത്വം അറിയാതെ കണ്ണൂരിൽ ഒരു കൊലപാതകവും നടക്കില്ലെന്നും ആകാശ് തില്ലങ്കേരി ഇപ്പോൾ ഇങ്ങനെ പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്. സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ രണ്ടു കോടി ചെലവിട്ടത് പിണറായി വിജയൻ്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.

ഷുഹൈബ് വധക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരിയുടേയും സ്വപ്നയുടെയും വെളിപ്പെടുത്തൽ പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണതയുടെ തെളിവാണെന്നും ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കുന്നതിനെ സിപിഎം എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് കൊലപാതകം ആസൂത്രിതം എന്ന ആരോപണം ശരി വെക്കുന്നതാണ് ആകാശ് തിലല്ലങ്കേരിയുടെ കമന്‍റെന്നും മുകളിൽ നിന്നുള്ള ആഹ്വാനപ്രകാരമാണ് കൊലപാതകമെന്നു വ്യക്തമായെന്നും കൊല്ലിക്കുന്ന ആളുകളെ പിടികൂടാൻ കുറച്ചു കൂടെ വ്യക്തമായ അന്വേഷണം വേണമെന്നും എം എം ഹസൻ പറഞ്ഞു. കേരള പോലീസ് അന്വേഷണം നടത്തിയാൽ ഒന്നും തെളിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിൻ്റെ പരാതി അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് കെ.മുരളീധരൻ പറഞ്ഞു. സിബിഐ അന്വേഷണം തന്നെ നടത്തണമെന്നും മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണ് ഷുഹൈബിന്‍റേതെന്നും വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പാർട്ടി നിയമ നടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്‍റ് വിവാദമായിരുന്നു. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹരണ സ്ഥാപനങ്ങളിൽ ജോലി നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഠം വെക്കലും പ്രതിഫലമെന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്. അഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരുന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ്‌ വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കണ്ടി വന്നത്. പാർട്ടിയിലെ ഊതി വീർപ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടുമെന്നും തില്ലങ്കേരി ഭീഷണിപ്പെടുത്തി.

കമന്‍റ് വിവാദമായതിനെ തുടർന്ന് തില്ലങ്കേരിക്ക് എതിരായ പോസ്റ്റ്‌ ഡി.വൈ.എഫ്.ഐ നേതാവ് പിൻവലിച്ചിരുന്നു. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സരീഷ് ആണ് എഫ് ബി പോസ്റ്റ്‌ പിൻവലിച്ചത്. ഈ പോസ്റ്റിന്റെ കമന്റ് ആയിട്ടായിരുന്നു ആകാശ് സിപിഎം നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയത്.

ഷുഹൈബ് വധക്കേസിലും ഒപ്പം സ്വർണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന ഒരു ടീമും പാർട്ടിയുടെ ഔദ്യോഗിക വിഭാഗവും തമ്മിൽ വലിയ അകൽച്ചയിലാണിപ്പോൾ. ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ പൊതുവേദിയിൽ വെച്ച് ഒരു ട്രോഫി സമ്മാനിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാൽ, ഇങ്ങനെ ട്രോഫി നൽകാനുള്ള സാഹചര്യം തില്ലങ്കേരി തന്നെയുണ്ടാക്കിയതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇക്കാര്യം തെളിയിക്കുന്ന ആകാശ് തില്ലങ്കേരിയുടെ വാട്സ്ആപ് ചാറ്റ് പാർട്ടി ഫോറങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സരീഷ് ആകാശ് തില്ലങ്കേരിക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരി സിപിഎം നേതൃത്വത്തിനെതിരെ വെല്ലുവിളി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News