നോർക്കയുടെ അംഗീകാരത്തിനായി ഖത്തർ കെ.എം.സി.സി പ്രത്യേക സത്യവാങ്മൂലം നൽകേണ്ട ആവശ്യമില്ല-കെ.പി.എ മജീദ്

കെ.എം.സി.സി.യുടെ പ്രവർത്തനത്തിന് നോർക്കയുടെ അംഗീകാരമോ സത്യവാങ്മൂലമോ ആവശ്യമില്ല

Update: 2023-02-08 03:21 GMT
Editor : rishad | By : Web Desk
കെ.പി.എ മജീദ്-ഖത്തര്‍ കെ.എം.സി.സി 
Advertising

തിരുവനന്തപുരം: നോര്‍ക്കയുടെ അംഗീകാരത്തിനായി വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നില്ലെന്ന സത്യവാങ്മൂലം പ്രത്യേകമായി കെ.എം.സി.സി നല്‍കേണ്ട കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ് എം.എല്‍.എ. വിഭാഗീയമല്ലാത്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കെ.എം.സി.സിക്ക് അംഗീകാരം നൽകിയതെന്ന നോര്‍ക്ക റസിഡന്‍സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു കെ.പി.എ മജീദ്. 

'രാഷ്ട്രീയം നോക്കാതെ സേവനം നടത്തുന്ന സംഘടനയാണ് കെ.എം.സി.സിയെന്നും കെ.പി.എ മജീദ് മീഡിയവണിനോട് പറഞ്ഞു. കെ.എം.സി.സി.യുടെ പ്രവർത്തനത്തിന് നോർക്കയുടെ അംഗീകാരമോ സത്യവാങ്മൂലമോ ആവശ്യമില്ല. സത്യവാങ്മൂലം കൊടുത്തെങ്കില്‍  അക്കാര്യം അന്വേഷിക്കണം. ഗൾഫ് രാജ്യങ്ങളിലെ സർക്കാറുകൾ വരെ കെ.എം.സി.സി.യെ അംഗീകരിച്ചിട്ടുണ്ടെന്നും മജീദ് പറഞ്ഞു.

ഖത്തർ കെ.എം.സി.സിക്ക് നോർക്കയുടെ അംഗീകാരം കിട്ടിയതുമായി ബന്ധപ്പെട്ട് 'സിപിഎം- ലീഗ് ബന്ധം' എന്ന വാർത്ത ദുരുദ്ദേശപരമാണ്. കക്ഷിരാഷ്ട്രീയത്തിന് അപ്പുറത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് കെ.എം.സി.സി. കോവിഡ് കാലത്തൊക്കെ പ്രവാസികൾക്ക് വേണ്ടി പ്രവർത്തിച്ച സംഘടനയാണ്. ലീഗും സിപിഎമ്മുമായി ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ലീഗിനും ഇതെ നിലാപാടാണെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു. 

വിഭാഗീയ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ ഖത്തര്‍ കെ.എം.സി.സിക്ക് അഫിലിയേഷന്‍ നല്‍കാനാണ് നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. പിന്നാലെ കെ.എം.സി.സി ഖത്തർ ഘടകത്തിന് നോർക്കയുടെ അംഗീകാരം ലഭിച്ചു. വിഭാഗീയമല്ലാത്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകിയതെന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രസ്താവന. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News