'സുരേഷ് ഗോപിയെ സമരപ്പന്തലിലേക്ക് ആരും ക്ഷണിച്ചിട്ടില്ല'; വാദം തള്ളി ആശാസമരസമിതി
എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ നേതാക്കളെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും സമരസമിതി നേതാവ് എസ്.മിനി മീഡിയവണിനോട്


തിരുവനന്തപുരം:സമരപ്പന്തലിൽ എത്തിയത് ആശമാർ ക്ഷണിച്ചിട്ടാണെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.മിനി.
ആശാ പ്രവർത്തകരിൽ ആരെങ്കിലും നേരിട്ട് കണ്ട് വിളിച്ചതാകാമെന്നും,തങ്ങൾ ക്ഷണിച്ചിട്ടില്ലെന്നും സമര സമിതി നേതാവ് എസ്. മിനി മീഡിയവണിനോട് പറഞ്ഞു. സമരസമിതിയുടെ ഭാഗത്തുനിന്ന് സുരേഷ് ഗോപിക്ക് ക്ഷണം ഉണ്ടായിട്ടില്ല. സമരത്തിൽ എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട്.എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ നേതാക്കളെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെയും കണ്ട് സംസാരിച്ചിട്ടുണ്ടാകും. സുരേഷ് ഗോപിയെ വിളിച്ചതിൽ തെറ്റില്ല.കേന്ദ്ര നേതാക്കളെ കാണുന്നത് കുറ്റമാണോ? ഇടതുപക്ഷക്കാരെയും വിളിച്ചിരുന്നു. പക്ഷേ അവരാരും സമരപ്പന്തലില്‍ എത്തിയില്ല. പ്രശ്നപരിഹാരമാണ് എപ്പോഴും തങ്ങളുടെ ലക്ഷ്യമെന്നും എസ്.മിനി പറഞ്ഞു.
വീട്ടിൽ വന്ന് ക്ഷണിച്ചതിനെത്തുടർന്നാണ് ആശ സമരപ്പന്തലിലെത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ഒന്ന് വരണം,ഞങ്ങളെ വന്ന് അഡ്രസ് ചെയ്യണം എന്ന് സമരനേതാക്കൾ വീട്ടിലെത്തി അഭ്യർഥിക്കുകയായിരുന്നെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം,ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 42 ദിവസം തികയുകയാണ്. നിരാഹാര സമരം തുടരുന്ന ആശാ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം നടക്കും. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും.
രാവിലെ 10 ന് ഡോ.പി ഗീത ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സമരവേദിയിൽ എത്തിച്ചേരാൻ കഴിയാത്ത ആശാവർക്കർമാർ അതത് സെൻററുകളിലോ പ്രത്യേക കേന്ദ്രങ്ങളിലോ ഉപവാസ സമരമിരിക്കുമെന്നും സമര സമിതി അംഗങ്ങൾ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലും മന്ത്രി തലത്തിലും ചർച്ചകൾ നടന്നെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ സമരത്തിൻ്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്.