കെഎസ്ആർടിസി ജീവനക്കാർക്ക് സാലറി ചലഞ്ച് ഇല്ല; തുക പിടിക്കരുതെന്ന് ഗതാഗത മന്ത്രിയുടെ നിർദ്ദേശം
സാലറി ചലഞ്ചിന്റെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും ഗതാഗത മന്ത്രി
Update: 2024-09-13 10:07 GMT
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സാലറി ചലഞ്ച് ഇല്ല. ജീവനക്കാരിൽ നിന്ന് തുക പിടിക്കരുതെന്ന് ഗതാഗത മന്ത്രി നിർദ്ദേശം നൽകി. ശമ്പളം ലഭിച്ചതിന് പിന്നാലെ വയനാടിനായുള്ള സാലറി ചലഞ്ചിൽ പങ്കാളികളാകണമെന്ന് മാനേജ്മെന്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് റദ്ദാക്കാനാണ് മന്ത്രിയുടെ നിർദേശം.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കാൻ കെഎസ്ആർടിസി സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്ന് കെഎസ്ആർടിസി സിഎംഡി തന്നെയാണ് ഉത്തരവിറക്കിയത്. ഇതേ സിഎംഡിക്കാണ് ഉത്തരവ് ഇറക്കിയതിൽ അന്വേഷണം നടത്താനുള്ള ചുമതലയും.