തിരുവനന്തപുരത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
വയറിളക്കം വന്ന രണ്ടു കുട്ടികളുടെ സാമ്പിൾ പരിശോധിച്ചതിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്
വിഴിഞ്ഞം: തിരുവനന്തരപുരത്ത് രണ്ട് കുട്ടികൾക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. വിഴിഞ്ഞം സ്വദേശികളായ കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വയറിളക്കം വന്ന രണ്ടു കുട്ടികളുടെ സാമ്പിൾ പരിശോധിച്ചതിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പ്രതലങ്ങളിലൂടെയോ പകരുന്ന അതിവ്യാപന ശേഷിയുള്ള വൈറസാണ് നോറോ. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും അണുബാധയുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് അക്യൂട്ട് ഗ്യാസ്‌ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടർന്ന് 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
പെട്ടെന്നുള്ള കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് അണുബാധ കാരണമാകും. ഒന്നു മുതൽ മൂന്നുവരെ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ മാറാമെങ്കിലും തുടർന്നുള്ള രണ്ടു ദിവസം വരെ വൈറസ് പടരാനുള്ള സാധ്യതയുണ്ട്. രോഗബാധിതരുടെ സ്രവങ്ങൾ വഴി പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളിൽ തങ്ങിനിൽക്കും. അവിടങ്ങളിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്കു വൈറസ് പടരും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും.