നോറോ വൈറസ്: ആശങ്ക വേണ്ട, ജാഗ്രത മതി: മന്ത്രി വീണാ ജോര്‍ജ്
ഇന്നലെയാണ് പൂക്കോട് വെറ്ററിനറി കോളജിലെ 32 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചത്
നോറോ വൈറസ് സ്ഥിരീകരിച്ച വയനാട് ജില്ലയില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ജാഗ്രത പാലിക്കണമെന്നും യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. ഇന്നലെയാണ് പൂക്കോട് വെറ്ററിനറി കോളജിലെ 32 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി