'വെറും വിഷമല്ല.. കൊടുംവിഷം'; രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മുഖ്യമന്ത്രി
വ്യാജപ്രചാരണം ആര് നടത്തിയാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുയാണെന്നും പരിക്കേറ്റവർക്ക് കൃത്യമായ രീതിയിൽ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും പിണറായി വിജയൻ. സംഭവത്തിന്റെ എല്ലാ മാനങ്ങളും അന്വേഷിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ അന്വേഷണം പൂർത്തിതയാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. അപകടങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യണമെന്ന് കൃത്യമായ ബോധവൽക്കരണം യേഹോവ സാക്ഷികൾ എല്ലാ സമ്മേളനത്തിലും നടത്താറുണ്ട് ഇതാണ് പരിക്ക് കുറക്കാൻ കാരണമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെത് പ്രത്യേകത സൗഹാർദവും സാഹോദര്യവുമാണ് അതിനെ പോറലേൽപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനമാണ് ഇന്ന് നടന്ന സർവ്വകക്ഷി യോഗം പ്രഖ്യാപിച്ചത്. മാധ്യമങ്ങൾ നല്ലനിലയിലാണ് വാർത്ത നൽകിയത്. കഴിഞ്ഞ ദിവസം തന്നെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഡി.ജി.പി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കേരളത്തിന്റെ തനിമ തകർക്കാനുള്ള ശ്രമം പലരുടെയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്തി പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വികലമനസിനുടമയാണ്. കേന്ദ്രമന്ത്രി എന്ന നിലക്ക് അദ്ദേഹത്തിന് അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ടാകേണ്ടതുണ്ട്. എൻ.ഐ.എയും എൻ.എസ്.ജിയും അടക്കുമുള്ള സംഘം ഇവിടെയെത്തിയിരുന്നു. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്നും അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വ്യാജപ്രചാരണം ആര് നടത്തിയാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ സഭവമുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് പറഞ്ഞ അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള സഹായം വേണമെങ്കിൽ ആവശ്യപ്പെടാമെന്ന് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളിഡാരിറ്റിയുടെ ഒരുപരിപാടിയിലാണ് ഫലസ്തീനിയൻ പോരാളി എന്നു പറയുന്നയാൾ പ്രസംഗിച്ചത്. ജമാഅത്തെ ഇസ്ലാമി അനുവാദം ചോദിച്ചാൽ പരിപാടികൾക്ക് അനുമതി നൽകാറുണ്ട്. ഫലസ്തീൻ അനുകൂല പരിപാടികൾക്കെതിരെ കേസെടുപ്പിക്കാനാണ് ഇവരുടെ ശ്രമമെന്നും അത് കേരളത്തിൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, മനോജ് എബ്രഹാം, എം.ആർ അജിത് കുമാർ, എൻ.ഐ.എ ഐ.ജി വിജയ് സാഖറെ തുടങ്ങിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.