പാലാ നഗരസഭാ ചെയർമാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
യുഡിഎഫ് അംഗങ്ങളും സ്വതന്ത്ര അംഗം ജിമ്മി ജോസഫും ഉൾപ്പെടെ ഒൻപത് പേർ ഒപ്പിട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്


കോട്ടയം: പാലാ നഗരസഭാ ചെയർമാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്. സ്വതന്ത്ര അംഗം ജിമ്മി ജോസഫ് ആണ് യുഡിഎഫിന്റെ പിന്തുണയോടെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. ചെയർമാൻ രാജിവെക്കുന്നതിനെ ചൊല്ലി കേരളാ കോൺഗ്രസ് എമ്മിലെ അഭിപ്രായ ഭിന്നത ലക്ഷ്യമിട്ടാണ് യുഡിഎഫ് നീക്കം.
യുഡിഎഫ് അംഗങ്ങളും സ്വതന്ത്ര അംഗം ജിമ്മി ജോസഫും ഉൾപ്പെടെ ഒൻപത് പേർ ഒപ്പിട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് എമ്മിന്റെ സമ്മർദത്തെ തുടർന്ന് നേരത്തെ അധ്യക്ഷസ്ഥാനം നഷ്ടമായ മുൻ സിപിഎം അംഗം ബിനു പുളിക്കക്കണ്ടവും അവിശ്വാസപ്രമേയത്തെ പിന്തുണച്ചേക്കും. നിലവിലെ ചെയർമാൻ ഷാജു വി തുരുത്തേൽ സ്ഥാനം ഒഴിയാത്തതിൽ അതൃപ്തരായ കേരളാ കോൺഗ്രസ് എം അംഗങ്ങുടെ പിന്തുണയും യുഡിഎഫ് ലക്ഷ്യമിടുന്നു.
രാജിയുടെ കാര്യത്തിൽ ഒരു കാരാറുമില്ലെന്നാണ് ഷാജു വി തുരുത്തേലിൻ്റെ നിലപാട്. 26 അംഗ കൗൺസിലിൽ അവിശ്വാസപ്രമേയം പാസാകാൻ 14 പേരുടെ പിന്തുണ വേണം. മറ്റ് സ്വതന്ത്ര കൗൺസിലർമാരുടെ നിലപാടും അവിശ്വാസ പ്രമേയത്തിൽ നിർണായമാണ്. പുതിയ സംഭവ വികാസങ്ങൾക്കൊപ്പം ഒരിടവേളയ്ക്ക് ശേഷം പാലാ നഗരസഭയിലെ രാഷ്ട്രീയം വീണ്ടും ചൂടു പിടിക്കുകയാണ്.