സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം
മൂവായിരത്തോളം കലാകാരന്മാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. മൂവായിരത്തോളം കലാകാരന്മാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. അറുപതോളം ഫ്ലോട്ടുകളും കാഴ്ചക്കാര്‍ക്ക് മിഴിവേകും.
പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സമാപനം. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ നഗരത്തിലൂടെ ഘോഷയാത്ര കടന്നുപോകും. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അറുപതോളം ഫ്‌ളോട്ടുകളും അണിനിരക്കും. വിവിധ കലാരൂപങ്ങള്‍ക്കൊപ്പം പൊലീസിന്‍റെ അശ്വാരൂഢ സേനയും മറ്റ് സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയെ മനോഹരമാക്കും. ഹരിതചട്ടം പാലിച്ചു കൊണ്ടായിരിക്കും ഘോഷയാത്ര. മുഹമ്മദ് റിയാസിന് പുറമെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍ അനില്‍ എന്നിവരും പങ്കെടുക്കും. സിനിമാതാരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്, ആന്‍റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളാകും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ വിവിഐപി പവലിയനും യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ വിഐപി പവലിയനും മ്യൂസിയം ഗേറ്റിന് മുന്നില്‍ പ്രത്യേക സ്റ്റേജും തയ്യാറാക്കിയിട്ടുണ്ട്. ഘോഷയാത്ര കടന്നു പോകുന്ന വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള പാതയുടെ ഇരുവശവും നിന്ന് പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമുണ്ട്. കര്‍ശന സുരക്ഷാ ക്രമീകരണമാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തിൽ ഉച്ച കഴിഞ്ഞ് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.