'നേരത്തെ എതിർത്തവർ കൂടി അച്ഛന്റെ അഡ്മിനിസ്‌ട്രേഷൻ സ്റ്റൈൽ കാണുന്നുണ്ട്': മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയെന്ന് വീണ വിജയന്‍
"എക്‌സിറ്റ് പോൾ ഫലം എല്ലാവരും കണ്ടതാണ്. അതു തന്നെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും നല്ല വിജയം പ്രതീക്ഷിക്കുന്നു"
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന് തീരുമാനിക്കേണ്ടത് എൽഡിഎഫും പാർട്ടിയുമാണെന്ന് മകൾ വീണ വിജയൻ. നല്ല ഭൂരിപക്ഷത്തോടെ എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. കോഴിക്കോട്ട് സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു വീണ.
'എക്‌സിറ്റ് പോൾ ഫലം എല്ലാവരും കണ്ടതാണ്. അതു തന്നെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും നല്ല വിജയം പ്രതീക്ഷിക്കുന്നു. അച്ഛൻ മുഖ്യമന്ത്രിയാകുന്നത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. എൽഡിഎഫ് കൂടി തീരുമാനിക്കേണ്ടതാണ്. ആര് എന്താവും എന്നൊക്കെയുള്ളത് മുന്നേ പറയാൻ പാടില്ലല്ലോ. വിജയിച്ചാൽ അവരെല്ലാം യോഗം ചേർന്ന് തീരുമാനിക്കേണ്ടതാണ് മികച്ച ഭരണമാണ് സർക്കാർ കാഴ്ചവച്ചത്' - വീണ പറഞ്ഞു.
'മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് അച്ഛനെ എതിർത്ത ആളുകൾ കൂടി അച്ഛന്റെ അഡ്മിനിസ്‌ട്രേഷൻ സ്റ്റൈൽ കാണാൻ പറ്റുന്നുണ്ട്. ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ അപ്രീഷ്യേറ്റ് ചെയ്യുന്നത്, അവർക്ക് കൂടുതൽ വിലയിരുത്താനുള്ള അവസരം കിട്ടിയതു കൊണ്ടായിരിക്കാം. നേരത്തെ മാധ്യമങ്ങളിൽ വന്ന കാര്യങ്ങളിൽ അഭിപ്രായം രൂപീകരിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ഇപ്പോൾ പക്ഷേ, എല്ലാവർക്കും അതു മനസ്സിലാകുന്നുണ്ട്' - അവർ കൂട്ടിച്ചേർത്തു.
വീണയുടെ ഭർത്താവും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡൻറുമായ പി.എ മുഹമ്മദ് റിയാസ് ഇക്കുറി ബേപ്പൂരിൽ നിന്ന് ജനവിധി തേടുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി പി.എ മുഹമ്മദ് നിയാസാണ് പ്രധാന എതിരാളി. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് പരാജയപ്പെട്ട ശേഷം റിയാസ് ഇതാദ്യമായാണ് ജനവിധി തേടുന്നത്.