'പൊലീസിലെ ഉപജാപകസംഘത്തെ മുഖ്യമന്ത്രിക്കു ഭയം; പല രഹസ്യങ്ങളും പുറത്തുവരുമെന്നു പേടിക്കുന്നു'; വിമര്‍ശനവുമായി വി.ഡി സതീശന്‍

'തൃശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ല. ഭരണഘടനാലംഘനം നടത്തുന്ന ശക്തികളുണ്ടെന്ന് ഐജി ലക്ഷ്മണ നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയതാണ്. പിന്നീടത് ഭീഷണിപ്പെടുത്തി മാറ്റി.'

Update: 2024-09-03 07:48 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണവിധേയരെ നിലനിർത്തിക്കൊണ്ടുള്ള അന്വേഷണം പ്രഹസനമാണ്. പൊലീസിലെ ഉപജാപകസംഘത്തിൻ്റെ ചൊൽപ്പടിയിലാണ് മുഖ്യമന്ത്രിയുള്ളത്. പല രഹസ്യങ്ങളും പുറത്തുവരുമെന്ന ഭയമാണ് അദ്ദേഹത്തിനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേട്ടുകേൾവി ഇല്ലാത്ത ആരോപണങ്ങളാണ് ഉയരുന്നതെന്ന് സതീശന്‍ പറഞ്ഞു. ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ശിവശങ്കരൻ പോലും ജയിലിൽ പോയിട്ടുണ്ട്. പുതിയ ആരോപണങ്ങളില്‍ ആരോപണവിധേയരെ നിലനിര്‍ത്തിക്കൊണ്ടാണ് അന്വേഷണം നടക്കുന്നത്. ജൂനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നത്. അൻവറിൻ്റെ ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണവിധേയരായ ഉപജാപകസംഘത്തിൻ്റെ ചൊൽപ്പടിയിലാണ് മുഖ്യമന്ത്രിയുള്ളത്. ഈ സംഘത്തെ മുഖ്യമന്ത്രിക്ക് ഭയമാണ്. പല രഹസ്യങ്ങളും പുറത്തുവരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കേരളത്തിലെ സിപിഎം ഏറ്റവും വലിയ ജീർണതയിലേക്കാണു പോകുന്നത്. ബംഗാളിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കും. കോണ്‍ഗ്രസ് അത് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

''തൃശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ല. ഭരണഘടനാലംഘനം നടത്തുന്ന ശക്തികളുണ്ടെന്ന് ഐജി ലക്ഷ്മണ നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയതാണ്. പിന്നീടത് ഭീഷണിപ്പെടുത്തി മാറ്റി. പി. ശശിക്കുനേരെ മാത്രമല്ല, മുഖ്യമന്ത്രിക്കുനേരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്നുവെന്നൊക്കെ മുഖ്യമന്ത്രി വെറുംവാക്ക് പറയുന്നതാണ്. പിണറായി പേടിച്ചുനിൽക്കുകയാണ്.''

മുഖ്യമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെങ്കിൽ അദ്ദേഹം ദുർബലനാണ്. ഒരിക്കലും മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയത്. സിപിഎമ്മിൽ എന്തൊക്കെയോ നടക്കുന്നുണ്ട്. അതിൻ്റെ ജീർണത പുറത്തുവരുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Summary: Opposition leader VD Satheesan against the investigation announced on the allegations raised against ADGP and other police officers

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News