മുസ്‌ലിംകൾക്കെതിരായ നടപടികളോട് മതേതര രാഷ്ട്രീയപ്പാർട്ടികൾ മൗനം പാലിക്കുന്നത് നിർത്തണം: പി. മുജീബുറഹ്മാൻ
തീവ്ര ഹിന്ദുത്വത്തിന്റെ കമ്പോളത്തിൽ മൃദു ഹിന്ദുത്വത്തിന്റെ കട തുറക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളത് അത് പൂട്ടേണ്ടിവരുമെന്നാണെന്നും മുജീബുറഹ്മാൻ വ്യക്തമാക്കി.
കോഴിക്കോട്: മുസ്‌ലിംകൾക്കെതിരായ നടപടികളോട് മതേതര രാഷ്ട്രീയപ്പാർട്ടികൾ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ. ഹിന്ദുത്വ വംശീയതയെ നോർമലൈസ് ചെയ്യാനാണ് മതേതരപ്പാർട്ടികൾ ശ്രമിക്കുന്നത്. തീവ്ര ഹിന്ദുത്വത്തിന്റെ കമ്പോളത്തിൽ മൃദു ഹിന്ദുത്വത്തിന്റെ കട തുറക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളത് അത് പൂട്ടേണ്ടിവരുമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ഹിന്ദുത്വ വംശീയതക്കെതിരെ സംഘടിപ്പിച്ച ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാൻവാപി മസ്ജിദിനായുള്ള നിയമപോരാട്ടത്തിൽ വിശ്വാസമുണ്ടെന്ന് ഗ്യാൻവാപി ഇമാം അബ്ദുൽ ബാത്വിൻ നുഅമാനി പറഞ്ഞു. കോടതി ആരാധനാലയ നിയമം പാലിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, തങ്ങൾ നിരാശരല്ലെന്നും നിയമപോരാട്ടം തുടരുമെന്നും നുഅമാനി പറഞ്ഞു.
സമാധാനപരമല്ലാത്ത ഒരു മാർഗവും സ്വീകരിക്കരുതെന്ന് വരാണസിയിലെ ജനങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഗ്യാൻവാപി മുഗൾ രാജാവ് അക്ബറിനും മുമ്പ് നിർമിച്ച മസ്ജിദാണ്. ഔറംഗസേബിന്റെ കാലത്ത് മൂന്നാംഘട്ട പുനരുദ്ധാരണം മാത്രമാണ് നടന്നത്. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് വാദം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. നേരത്തെ മസ്ജിദിന്റെ ചില ഭാഗങ്ങളിൽ പൂജ നടന്നിരുന്നു എന്ന പ്രചാരണവും തെറ്റാണ്. താൻ വരാണസിയിൽ ജനിച്ച ആളാണെന്നും അവിടെയുള്ള ഒരാളും അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്നും ബാത്വിൻ നുഅമാനി പറഞ്ഞു.