'ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്'; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍
പാതിര പരിശോധന സംബന്ധിച്ച് താൻ കൂടുതൽ ഇടപെട്ടിട്ടില്ലെന്നും സരിൻ മീഡിയവണിനോട് പറഞ്ഞു
പാലക്കാട്: ഷാഫി പറമ്പിലിന്‍റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാർട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താൻ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താൻ കൂടുതൽ ഇടപെട്ടിട്ടില്ലെന്നും സരിൻ മീഡിയവണിനോട് പറഞ്ഞു.
''രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്‍റെ പിന്നാലെ നടന്നിട്ടില്ല. പ്രചരണത്തിന്‍റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്‍റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണം.
പണം കൊടുത്ത് പൊതുപ്രവര്‍ത്തനം നടത്തേണ്ട ഗതികേടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഏത് തെരഞ്ഞെടുപ്പായാലും അങ്ങോട്ടാണ് പണം കൊടുക്കേണ്ടത്. നീല ട്രോളി എങ്ങോട്ട് പോയി എന്നല്ല, എവിടെ നിന്നു വന്നുവെന്നാണ് അന്വേഷിക്കേണ്ടത്. ഒളിക്കാനും മറയ്ക്കാനും ഉള്ളവര്‍ ജനങ്ങളുടെ മുന്നില്‍ അഭിനയിച്ചുകൊണ്ടേയിരിക്കുകയാണ്. ഈ അഭിനയത്തിന് ജനങ്ങള്‍ ഒരു മാര്‍ക്കിടുന്നുണ്ട് . അതില്‍ ജനങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നുള്ളതാണ് ഈ വിവാദം കൊണ്ടുണ്ടായ മറ്റൊരു ഗുണം. '' സരിന്‍ കൂട്ടിച്ചേര്‍ത്തു.