ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത് നിലമ്പൂരിലെ വോട്ട് കച്ചവടത്തെ കുറിച്ച്: പി വി അന്‍വര്‍
ബിജെപിയിൽ ചേരുമെന്ന് ഭീഷണി ഉയർത്തിയാണ് വി വി പ്രകാശ് യുഡിഎഫ് സ്ഥാനാർഥി ആയതെന്നും അന്‍വര്‍
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അൻവർ. ഇക്കാര്യമാണ് ആര്യാടൻ ഷൗക്കത്ത് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയതെന്നും അൻവർ പറഞ്ഞു.
മണ്ഡലത്തിലെ പ്രമുഖ ബിജെപി നേതാവിന്റെ വീട്ടിൽ വെച്ച് വി വി പ്രകാശും ബിജെപി നേതൃത്വവും രണ്ട് തവണ നേരിട്ട് ചർച്ച നടത്തി. ബിജെപിയിൽ ചേരുമെന്ന് ഭീഷണി ഉയർത്തിയാണ് വി വി പ്രകാശ് സ്ഥാനാർഥി ആയതെന്നും അന്‍വര്‍ ആരോപിച്ചു.
മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ദേശീയ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ ഡിസിസി പ്രസിഡന്റിന്റെ വർഗീയതയുടെ കപടമുഖം ചർച്ച ചെയ്യപ്പെടണം. അതിന് കാരണമായത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റാണെന്നത് യാദൃച്ഛികമാണ്. ഈ കൂട്ടുകെട്ടുകളെ നിലമ്പൂരിലെ ജനത പോളിങ് ബൂത്തിലെത്തി തകർത്ത് തരിപ്പണമാക്കിയിട്ടുണ്ട്. ഈ നാടിനൊരു മതേതര മുഖമുണ്ട്. അത് ഉടൻ തന്നെ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ബോധ്യപ്പെടുമെന്നും അന്‍വര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഇന്നലെയാണ് ആരുടെയും പേര് പറയാതെ ആര്യാടന്‍ ഷൌക്കത്ത് ഒളിയമ്പ് എയ്തത്- "പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവ്കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടിവാതിലടച്ച് പുറത്ത് നിര്‍ത്താം. പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വെച്ച്, മതാത്മക രാഷ്ട്രീയത്തിന്‍റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്‍റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്‍റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ട്".
ഡി.സി.സി അധ്യക്ഷൻ വി.വി പ്രകാശ് നിലമ്പൂരിൽ സ്ഥാനാർഥിയായതിനെ തുടർന്ന് ആര്യാടൻ ഷൗക്കത്തിന് ഡി.സി.സിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഡി.സി.സി അധ്യക്ഷന്‍റെ ചുമതല വി.വി പ്രകാശ് തന്നെ തിരികെ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിന്‍റെ വിമര്‍ശനം.
പി വി അന്‍വറിന്‍റെ കുറിപ്പ്
"പദവികൾക്ക് വേണ്ടി മതേതര മൂല്യങ്ങൾ പണയം വച്ച്,മതാത്മക രാഷ്ട്രീയത്തിന്റെ മുന്നിൽ മുട്ടിൽ ഇഴയുന്നവർ"..
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയും നിലവിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വ്യക്തിയെകുറിച്ച്, അൽപ്പം മുൻപ് കെ.പി.സി.സി അംഗവും കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ആര്യാടൻ ഷൗക്കത്ത് അദ്ദേഹത്തിന്റെ സ്വന്തം ഫേസ് ബുക്ക് പേജിൽ കുറിച്ച വാക്കുകളാണിത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ യു.ഡി.എഫ് സ്ഥാനാർഥി ബി.ജെ.പിയുമായി നടത്തിയ കൂട്ടുകച്ചവടത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു.മണ്ഡലത്തിലെ പ്രമുഖ ബി.ജെ.പി നേതാവിന്റെ വീട്ടിൽ വച്ച് യു.ഡി.എഫ് സ്ഥാനാർഥിയും ബി.ജെ.പി നേതൃത്വവും രണ്ട് തവണ നേരിട്ട് ചർച്ചയും നടത്തിയിരുന്നു. ഈ വിവരങ്ങൾ അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്,ബി.ജെ.പി ഉൾപ്പെടെയുള്ള ഒരു വർഗ്ഗീയ കക്ഷികളുടെയും വോട്ട് എനിക്ക് ആവശ്യമില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചതും,യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ഇങ്ങനെ പരസ്യമായി പറയാൻ തന്റേടമുണ്ടോ എന്ന് വെല്ലുവിളിച്ചതും. എന്നാൽ ഇന്ന് വരെ ഈ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റ് കൂടിയായ എതിർ സ്ഥാനാർത്ഥി ഒരക്ഷരം മിണ്ടിയിട്ടില്ല.
നിലമ്പൂരിൽ കൃത്യമായ വോട്ട് കച്ചവടം യു.ഡി.എഫ് സ്ഥാനാർഥിയും ബി.ജെ.പിയും തമ്മിൽ നടത്തിയിട്ടുണ്ട്. അത് ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകളിൽ കൂടി ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഏതൊക്കെ വർഗീയ ശക്തികളുമായി സന്ധി ചെയ്തിട്ടും കാര്യമില്ല. ഈ കൂട്ടുകെട്ടുകളെ നിലമ്പൂരിലെ ജനത പോളിംഗ് ബൂത്തിലെത്തി, തകർത്ത് തരിപ്പണമാക്കിയിട്ടുണ്ട്.ഈ നാടിനൊരു മതേതര മുഖമുണ്ട്.അത് ഉടൻ തന്നെ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് ബോധ്യപ്പെടും.
മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു ദേശീയ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ ഡി.സി.സി പ്രസിഡന്റിന്റെ വർഗ്ഗീയതയുടെ കപടമുഖം ചർച്ച ചെയ്യപ്പെടണം.അതിന് വേണ്ടിയാണ് ഈ പോസ്റ്റ്. കാരണമായത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റാണെന്നതും യാദൃശ്ചികം.
മറുപടി പറയേണ്ടത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്. കാരണം ഈ വർഗ്ഗീയ കൂട്ടുകെട്ടിനെ കുറിച്ച് പരസ്യമായി പറഞ്ഞത് പി.വി.അൻവർ മാത്രമല്ല. ഞാൻ പറഞ്ഞതിനെ സാധൂകരിക്കുന്ന ആരോപണങ്ങൾ ഇപ്പോൾ ഉയർത്തിയിരിക്കുന്നത് കെ.പി.സി.സി അംഗം കൂടിയായ ആര്യാടൻ ഷൗക്കത്താണ്.
ബി.ജെ.പിയിൽ ചേരുമെന്ന ഭീഷണി മുഴക്കി സ്ഥാനാർഥിയായി,സ്വന്തം അണികളെയും പ്രസ്ഥാനത്തെയും വർഗ്ഗീയതയുടെ കൂടാരത്തിൽ കൊണ്ട് കെട്ടിയ ഇയാളെയൊക്കെ ജനം തിരിച്ചറിയുക തന്നെ ചെയ്യും.
"പദവികൾക്ക് വേണ്ടി മതേതര മൂല്യങ്ങൾ പണയം വച്ച്,മതാത്മക രാഷ്ട്രീയത്തിന്റെ മുന്നിൽ മുട്ടിൽ ഇഴയുന്നവർ"..
ഇക്കഴിഞ്ഞ നിയമസഭ...
Posted by PV ANVAR on Wednesday, April 14, 2021