മൂന്നാറില്‍ ദമ്പതികളെ വീടിനുള്ളിൽ കുടുക്കി പടയപ്പ
രണ്ടര മണിക്കൂറിനു ശേഷം വനപാലകരെത്തി ആനയെ അകറ്റിയ ശേഷമാണ് ഇരുവർക്കും പുറത്തിറങ്ങാനായത്.
മൂന്നാർ ദേവികുളത്ത് ദമ്പതികളെ വീടിനുള്ളിൽ കുടുക്കി പടയപ്പയെന്ന കാട്ടുകൊമ്പൻ. പടയപ്പയെ ഭയന്ന് മണിക്കൂറുകളോളം ആണ് ദേവികുളം ലാക്കാട് ഫാക്ടറിക്ക് സമീപം താമസിക്കുന്ന മുക്കത്ത് ജോർജ്, ഭാര്യ സിസി എന്നിവർ വീടിനുള്ളിൽ കഴിഞ്ഞത്. രണ്ടര മണിക്കൂറിനു ശേഷം വനപാലകരെത്തി ആനയെ അകറ്റിയ ശേഷമാണ് ഇരുവർക്കും പുറത്തിറങ്ങാനായത്.
കഴിഞ്ഞ ദിവസമാണ് ലാക്കാട് ഫാക്ടറിക്ക് സമീപം ജോർജിന്റെ വീട്ടുമുറ്റത്ത് പടയപ്പ നിലയുറപ്പിച്ചത്. വീടിന്റെ വേലി തകർത്ത് അകത്തു കടന്ന പടയപ്പ മുറ്റത്തിരുന്ന ചെടിച്ചട്ടികൾ തകർത്തു. സമീപത്തുണ്ടായിരുന്ന കാരറ്റ്, പാഷൻ ഫ്രൂട്ട്, പേരക്ക, ബീൻസ് തുടങ്ങിയവ അകത്താക്കി. ആനയെ കണ്ട് ഭയന്ന് വിറച്ച ഇരുവരും വീട്ടിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരാണ് പടയപ്പയെ കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മാട്ടുപ്പെട്ടിയിലും തോട്ടംമേഖലയിലും പടയപ്പയുടെ സാന്നിധ്യമുണ്ട്.