വഖഫ് ബില്ലിൽ കേരളത്തിൽ നിന്നുള്ള എംപിമാരെ വിമർശിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, പി.സി ജോർജിനെ തള്ളി
തലശേരി ബിഷപ്പിനെ തള്ളി ജോസഫ് കല്ലറങ്ങാട്ട്; പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശം


കോട്ടയം: വഖഫ് ബില്ലിൽ കേരളത്തിൽ നിന്നുള്ള എംപിമാരെ വിമർശിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. വഖഫ് ബിൽ പല എംപിമാരുടെ വിലയും അറിവില്ലായ്മയും വെളിപ്പെടുത്തി. KCBC - യും CBCA യും നൽകിയ നിർദേശം എംപിമാർ ചെവികൊണ്ടില്ല. വഖഫ് മതപരമായ വിഷയമല്ല. ദേശീയവും സാമൂഹിക പ്രാധാന്യവുമുള്ള വിഷയമാണെന്നും ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.
പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാൻ കഴിയില്ലെങ്കിലും തോൽപ്പിക്കാൻ ശക്തിയുണ്ട്. നേതാക്കൾക്ക് ജനങ്ങളോടാണ് ഉത്തരാവാദിത്തം വേണ്ടത് രാഷ്ടീയ പാർട്ടികളോടല്ല. ഒരു ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനാണ് ചിലർ ശ്രമിച്ചത്. ജബൽപൂരിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പി.സി ജോർജിനെ തള്ളി ജോസഫ് കല്ലറങ്ങാട്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണം അംഗീകരിക്കാനാവില്ല. ജബൽപ്പൂരിൽ പൊലീസിൻ്റെ മുന്നിലിട്ട് വൈദികരെയും വിശ്വാസികളെയും ക്രൂരമായി ആക്രമിച്ചു. ഭരണഘടനയെ വെല്ലുവിളിച്ചാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. ജബൽപ്പൂരിൽ അമ്പലത്തിനു മുന്നിൽ പ്രാർത്ഥിച്ചതാണ് ആക്രമത്തിന് കാരണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമെന്നും തലശേരി ബിഷപ്പിനെ തള്ളി ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നമ്മൾ വിഭജിക്കപ്പെട്ട് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് സ്വർഗ്ഗത്തിലെത്താമെന്ന് കരുതുന്നില്ല. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.