രഥോത്സവ ദിനത്തിലെ പാലക്കാട് ഉപതെരഞ്ഞെടുപ്പ്; തിയതി മാറ്റണമെന്ന് എൽഡിഎഫ്

തെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

Update: 2024-10-15 13:56 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: കല്‍പ്പാത്തി രഥോത്സവ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫും രം​ഗത്ത്. പാലക്കാട്‌ ജനതയുടെ പൊതുവായ ഉത്സവമായി മാറിയിട്ടുള്ളതാണ്‌ കല്‍പ്പാത്തി രഥോത്സവം. അതിന്റെ ആദ്യ ദിവസമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അത്‌ ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന്‌ പ്രയാസം സൃഷ്ടിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. വോട്ടെടുപ്പ് ദിനമായ നവംബര്‍ 13 ന് തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13 ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

കൽപ്പാത്തി രഥോത്സവത്തിന്റെ സമയത്താണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഷാഫി പറമ്പിൽ എംപിയും പറഞ്ഞിരുന്നു. പാലക്കാടിന്റെ ഏറ്റവും വലിയ ആഘോഷമാണ് രഥോത്സവം. ഇവ രണ്ടും ഒരുമിച്ച് വരുന്നത് പാലക്കാട്ടുകാരെ സംബന്ധിച്ച് ബു​ദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് തിയതി 20 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23നാണ്. ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News