'മകൾ എല്ലാതരത്തിലും ചൂഷണത്തിനിരയായി, ഇത് വ്യക്തമാക്കുന്ന തെളിവുകളുണ്ട്'; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പിതാവ്
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയത്
പത്തനംതിട്ട: മകൾ എല്ലാതരത്തിലും ചൂഷണത്തിനിരയായി എന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് തിരുവനന്തുപരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയുടെ പിതാവ്. തെളിവുകൾ കൃത്യമായി കോടതിയിൽ പോലീസ് സമർപ്പിക്കും എന്നാണ് പ്രതീക്ഷ. മകളെ എങ്ങനെയെങ്കിലും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് തന്റെ ഭാര്യയുടെ ഫോണിലേക്ക് പ്രതി സുകാന്ത് മെസേജ് അയച്ചു. സന്ദേശം അയച്ച ശേഷവും മകളുമായി യാത്ര ചെയ്യുകയും ചൂഷണം തുടരുകയും ചെയ്തുവെന്നും പിതാവ് ആരോപിച്ചു.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിനെതിരെ കുടുംബം പരാതി നല്‍കിയിരുന്നു.
കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഓഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. മകളെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്ന കുടുംബത്തിന്റെ ആരോപണത്തിൽ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയക്കുന്നതായി സുകാന്ത് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒളിവിലാണ് സുകാന്ത് സുരേഷ്.