ജാമ്യം കിട്ടി; ഒളിവിലായിരുന്ന പി.സി. ജോർജ് വീട്ടിലെത്തി
വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ഇന്നലെയാണ് പി.സി ജോർജിന് ഇടക്കാല ജാമ്യം ലഭിച്ചത്
ഈരാറ്റുപേട്ട: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ഒളിവിലായിരുന്ന മുൻ എംഎൽഎ പി.സി ജോർജ് വീട്ടിലെത്തി. ഇന്നലെ അർദ്ധരാത്രിയാണ് പി.സി ജോർജ് ഈരാറ്റുപേട്ടയിലത്തിയത്. ആദ്യം ജാമ്യപേക്ഷ തള്ളിയ ശേഷം പി.സി ജോർജിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പൂഞ്ഞാറിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയിരുന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയുടെ സമയത്ത് പി.സി ജോർജ് വീട്ടിൽ ഇല്ലായിരുന്നു. ഫോൺ സ്വിച്ച്ഡ് ഓഫുമായിരുന്നു.
വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ഇന്നലെയാണ് പി.സി ജോർജിന് ഇടക്കാല ജാമ്യം ലഭിച്ചത്. പരസ്യ പ്രസ്താവന പാടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നൽകിയത്. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോർജ് കോടതിയിൽ പറഞ്ഞിരുന്നു. വെണ്ണലയിൽ പി.സി ജോർജ് നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു.
പി സി ജോർജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കായംകുളം സ്വദേശി ഷിഹാബുദ്ദീൻ ഹരജി നൽകിയിരുന്നു. മുമ്പ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് പി സി ജോർജ് ഒളിവിലായിരുന്നു. തുടർന്ന് ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കുകയായിരുന്നു. പി സി ജോര്‍ജിന്‍റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് എറണാകുളം സെഷൻസ് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും സാമുദായിക ഐക്യംതര്‍ക്കാനും കാരണമാകും. 153എ , 295 എ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്നും എറണാകുളം അഡിഷണൽ സെഷന്‍സ് കോടതി വിലയിരുത്തി. ജോർജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലായിരുന്നു പരാമര്‍ശം.
പി.സി ജോർജ് ഒളിവിലല്ലെന്നും ഒരു കാരണവശാലും പിണറായിയുടെ പൊലീസിന് കീഴടങ്ങില്ലെന്നും മകൻ ഷോൺ ജോർജ് ജാമ്യം ലഭിക്കുന്നതിന് മുമ്പ് പൊലീസ് പരിശോധന നടന്ന സാഹചര്യത്തിൽ പ്രതികരിച്ചിരുന്നു. 'പി.സി ജോർജ് പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. നമ്മൾക്കെതിരെ പൊലീസാണ് വരുന്നതെങ്കിൽ കുഴപ്പമില്ല. പിണറായി വിജയന് തൃക്കാക്കരയിൽ നേട്ടമുണ്ടാക്കാൻ നിന്നുകൊടുക്കേണ്ട ആവശ്യം പി.സി ജോർജിനില്ലെന്നും ഷോൺ മീഡിയവണിനോട് പറഞ്ഞു. 'സർക്കാറിന്റെ മുന്നിലുള്ളത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ്.ഇപ്പോൾ ഏതെങ്കിലും തരത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്താൽ കുറേ ആളുകളെ പ്രീണിപ്പിക്കാൻ കഴിയും. ആ പ്രീണന രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവും കുറേ കാലമായി നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പി.സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബി.ജെ.പി സംഘ്പരിവാർ നേതൃത്വം വലിയ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.
PC George, who was absconding, was released on bail and returned home.