പി.സി ജോർജിനെ അറസ്റ്റു ചെയ്യും, പക്ഷേ, തിടുക്കമില്ല: കമ്മീഷണർ സി.എച്ച് നാഗരാജു
പി സി ജോർജിനെ പരിപാടിക്ക് ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാധ്യതയുണ്ട് എന്നറിഞ്ഞിട്ടാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് സംശയമുണ്ടെന്നും കമ്മീഷണർ
വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിനെ അറസ്റ്റു ചെയ്യുമെന്നും പക്ഷേ, തിടുക്കമില്ലെന്നും വ്യക്തമാക്കി കമ്മീഷണർ സി.എച്ച് നാഗരാജു. പി സി ജോർജിനെ പരിപാടിക്ക് ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാധ്യത ഉണ്ട് എന്നറിഞ്ഞിട്ടാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
സംഘാടകർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കും, ജോർജിനെ ചോദ്യം ചെയ്യാൻ ഇതുവരെ വിളിപ്പിച്ചിട്ടില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നുള്ള വാർത്തകളാണ് പുറത്തു വന്നിരുന്നത്. സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. ഇടക്കാല ഉത്തരവെന്ന ആവശ്യവും അംഗീകരിച്ചില്ല. കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചു. തിങ്കളാഴ്ചയാണ് ഇനി ജോർജിന്റെ ഹരജി കോടതി പരിഗണിക്കുക.
75 വയസ്സുകാരനായ തനിക്ക് നേരത്തെ ഒരു കേസിൽ തിരുവനന്തപുരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നുവെന്ന് ജോർജ് വാദിച്ചു. വെണ്ണലയിൽ താൻ നടത്തിയ പ്രസംഗം ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും ജോർജ് കോടതിയെ അറിയിച്ചു. എന്നാൽ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പി.സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബി.ജെ.പി സംഘ്പരിവാർ നേതൃത്വം വലിയ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.