പി.സി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി: വെള്ളാപ്പള്ളി നടേശൻ‌

'ഈഴവർ തെണ്ടികൾ ആണെന്ന് ഒരു കാലത്ത് പറഞ്ഞയാളാണ് പി.സി ജോർജ്'

Update: 2025-03-27 08:49 GMT
Editor : നബിൽ ഐ.വി | By : Web Desk
പി.സി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി: വെള്ളാപ്പള്ളി നടേശൻ‌
AddThis Website Tools
Advertising

തിരുവനന്തപുരം: പി.സി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടിയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർ തെണ്ടികൾ ആണെന്ന് ഒരു കാലത്ത് പറഞ്ഞയാളാണ് പി.സി ജോർജെന്നും, ആർക്കും വേണ്ടാത്തവർ അടിഞ്ഞുകൂടുന്ന സ്ഥലമാണ് ബിജെപിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ക്രിസ്ത്യാനികളും പെന്തകോസ്തുകാരും ഹിന്ദുക്കളെ വ്യാപകമായി മതം മാറ്റുന്നു എന്ന് വെള്ളാപ്പള്ളി ആരോപിച്ചു. പെന്തക്കോസ്തുകാർ പണം നൽകി ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റുന്നു. അത് പറയാതെ ലവ് ജിഹാദ് ഉണ്ടെന്നാണ് പി.സി ജോർജ് പറയുന്നത്. ജോർജിന്‍റെ ലൗ ജിഹാദ് പരാമർശം ബി.ജെ.പിയെ സുഖിപ്പിക്കാനാണ്. ലൗ ജിഹാദിൽ 42 പേരുണ്ടെന്നാണ് പറയുന്നത്. ഈ 42 പേരുടെ വിവരങ്ങൾ പുറത്തു പറയാമോ? എന്നാൽ ജോർജ് പറയുന്നത് ശരിയാണെന്ന് ഞാൻ സമ്മതിക്കാം. ഭക്ഷണം കഴിക്കാനും തെറി പറയാനും മാത്രമാണ് ജോർജ് വാ തുറക്കുന്നത്. ഈഴവർ തെണ്ടികൾ ആണെന്ന് ഒരു കാലത്ത് പറഞ്ഞയാളാണ് ജോർജ്. ജോർജിനെ ബിജെപി ദേശീയ കമ്മിറ്റിയംഗമാക്കി, മകനെ ഇനി അന്തർദേശീയനേതാവാക്കും. രാഷ്ട്രീയ ഉച്ചിഷ്ടങ്ങൾ അടിഞ്ഞുകൂടുന്ന പാർട്ടിയായി ബിജെപി മാറിയെന്ന് തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'മോഹഭംഗം വന്ന ഒരുപാട് പേർ ബിജെപിയിൽ ഉണ്ട്. അവർ സഹകരിച്ച് ഇല്ലെങ്കിൽ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും. ക്രിസ്ത്യൻ സമൂഹത്തിലുള്ള എത്രയോ പേരെ കേന്ദ്രമന്ത്രിമാർ ആക്കി. പി.സി ജോർജിനെയടക്കം കൊണ്ടുവന്നു. പി.സി ജോർജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ല. ക്രിസ്ത്യാനികളെ കൂട്ടിക്കൊണ്ടുവരാൻ കഴിവുള്ള വ്യക്തിയല്ല. ആകെ കൂടെയുള്ളത് മകൻ മാത്രമാണ്. അടുത്തവട്ടം ഇടതുപക്ഷം ഭരിക്കും. അത് ഇടതുപക്ഷത്തിന് ഗുണം കൊണ്ടല്ല യുഡിഎഫിന്റെ ദോഷം കൊണ്ടാണ്. കോൺഗ്രസിൽ യോജിപ്പില്ല. അഞ്ചുപേർ മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്തിരിക്കുന്നു' -വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

നിറത്തിന്റെ പേരിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ അധിക്ഷേപിച്ചതിൽ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. വർണ്ണ വിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചീഫ് സെക്രട്ടറി പറഞ്ഞത് പുതിയൊരു അറിവല്ല. ഇവിടെ ജനാധിപത്യം മരിച്ചുപോയി. മതാധിപത്യം നിലനിൽക്കുന്ന കാലഘട്ടത്തിൽ ഇതെല്ലാം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News